നെടുങ്ങപ്ര സർവ്വീസ് സഹകരണ ബാങ്കിൽ അംഗങ്ങളായിരുന്ന 1718 പേരെ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽഅബ്ദുൾ ഗഫാർ പുറത്താക്കി.
സഹകരണ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി ബാങ്കിന്റെ പ്രവർത്തനപരിധിക്ക് പുറത്തു നിന്നുള്ള അംഗങ്ങളെയാണ് പുറത്താക്കിയിട്ടുള്ളത്. ഇവരിൽ ഭൂരിഭാഗം പേർക്കും സമാന സ്വഭാവമുള്ള സംഘങ്ങളിൽ അംഗത്വവും വായ്പയും നിലനിൽക്കുന്നതായി കാണിച്ച് 26 അംഗങ്ങൾ ചേർന്ന് ജോയിന്റ് രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു. ആരോപണ വിധേയരായവരുടെ ഹിയറിങ് നടത്തി വസ്തുതകൾ ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് 1718 പേരെ പുറത്താക്കി ഉത്തരവായത്.
പരാതിയിൽ പരാമർശിച്ചിരുന്ന 1758 പേരിൽ 40 പേർ ഹിയറിങ്ങിൽ ഹാജരായി മതിയായ തെളിവുകൾ നൽകിയതിനാൽ 40 പേരുടെ അംഗത്വം നിലനിർത്തി നൽകുകയും ചെയ്തിട്ടുണ്ട്. രജിസ്ട്രേഡ് തപാൽ മുഖേന അറിയിപ്പ് ലഭിച്ചവരിൽ 585 പേർ നേരിട്ട് ഹാജരായി മൊഴിനൽകി.604 പേർ ഹാജരായില്ല. 569 പേരുടെ നോട്ടീസ് മടങ്ങുകയും ചെയ്തിരുന്നു.
അഴിമതിയും ക്രമക്കേടുകളും കാരണം സംഘം സെക്രട്ടറി നിലവിൽ സസ്പെൻഷനിലാണ്. സംഘത്തിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണം നിലനിർത്താനായിട്ടാണ് സംഘം പരിധിക്ക് പുറത്തുള്ളവരെയടക്കം നിയമവിരുദ്ധമായി അംഗങ്ങളാക്കിയത്