മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി സബ് സ്റ്റേഷനിൽ തീപിടിത്തം . കെ.എസ്.ഇ.ബി പേഴയ്ക്കാപ്പിള്ളി സബ് സ്റ്റേഷനിൽ 11 കെ.വി.ലൈനിൽ ഉണ്ടായ സ്പാർക്കിങ്ങിനെ തുടർന്നാണ് തീ പിടിത്തം ഉണ്ടായത്. ഇന്നലെ വൈകിട്ട് 6 ഓടെയാണ് സംഭവം. 11 കെ.വി.ലൈനിൽ ഉണ്ടായ സ്പാർക്കിങ്ങിനെ തുടർന്ന് തീ പൊരികൾ ഉണങ്ങിയ പുല്ലിലേക്ക് വീണതോടെ തീ ആളുകയായിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ അഗ്നിരക്ഷ നിലയത്തിൽ അറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ അസിസ്റ്റന്റ് ഫയർ ഓഫീസർ ഇക്ബാലിന്റെ നേതൃത്വത്തിലെത്തിയ ഫയർ ഫോഴ്സ് സേന തീ അണക്കുകയായിരുന്നു.
തിരക്കേറിയ പായിപ്ര കവലക്ക് സമീപമാണ് സബ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. അറുപത് ഏക്കറോളം വരുന്ന വിശാലമായ സ്ഥലത്താണ് സ്റ്റേഷന്റെ വിവിധ മിഷനുകൾ പ്രവർത്തിക്കുന്നത്. എന്നാൽ പ്രദേശമായ പുല്ലും കാടും നിറഞ്ഞ് കിടക്കുകയാണ്. കടുത്ത വേനലായതോടെ ഇതെല്ലം വരണ്ട് ഉണങ്ങി അല്പം തീപൊരി വീണാൽ പോലും ആളി കത്തുന്ന പരുവത്തിലാണ് നിൽക്കുന്നത്. ഇവിടേക്കാണ് തീ പൊരി വീഴുകയും തീ ആളുകയും ചെയ്തത്. പുല്ലിന് തീ പിടിച്ചതിന്റെ സമീപത്തായിരുന്നു വാഹനങ്ങൾക്ക് ചാർജ്ജ് ചെയ്യുന്ന സ്റ്റേഷനും സ്ഥിതി ചെയ്യുന്നത്. അഗ്നി രക്ഷ സേനയും, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഉണർന്ന് പ്രവർത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഇതോടെയാണ് നാട്ടുകാർക്ക് ആശ്വാസമായത് .


