മൂവാറ്റുപുഴ: മുറിക്കല്‍ ബൈപാസ് ഭൂമി ഏറ്റെടുക്കല്‍ പ്രക്രീയയില്‍ നിര്‍ണ്ണായക ചുവടു വയ്പ്. ഏറ്റെടുത്ത ഭൂമിയുടെ ഉടമകള്‍ക്ക് പണം വിതരണം ചെയ്ത് തുടങ്ങി. മുറിക്കല്‍ പാലം തുറക്കുന്നതിന് പ്രധാന തടസമായിരുന്ന ഭൂമി ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് പണം വിതരണം തുടങ്ങിയത്.ഏറ്റെടുത്ത സ്ഥലത്തിന്റെ ഉടമകളുടെ രേഖകള്‍ പരിശോധിച്ച് തുക വിതരണം ചെയ്യുന്ന പ്രക്രീയക്കാണ് തുടക്കമിട്ടത്. സ്ഥലം ഉടമകള്‍ക്ക് പണം നല്കുന്ന മുറക്ക് സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. നിര്‍ണായകമായ ഒരു ഘട്ടമാണ് പിന്നിടുന്നത് എന്ന് ഡോ. മാത്യു കുഴല്നാടന് എം എല്‍ എ അറിയിച്ചു.
മുന്‍കാലങ്ങളില്‍ നടന്ന സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ണ്ണമായി അസാധുവായിരുന്നു. അതിനാല്‍ പ്രാരംഭ നടപടികള്‍ ഒന്നേന്നു മുതല്‍ ആരംഭിക്കേണ്ടി വന്നത് വലിയ വെല്ലുവിളിയായതായിരുന്നു. എം എല്‍ എ യുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് ഏറ്റെടുക്കലിനുളള കാലാവധി നീട്ടി കിട്ടിയതോടെയാണ് നടപടികള്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞത്. 1.9525 ഹെക്ടര്‍ ഭൂമി സര്‍ക്കാരിനെ കൊണ്ട് ഏറ്റെടുപ്പിക്കാനായതായി എം എല്‍ എ പറഞ്ഞു.
മുറിക്കല്‍ പ്രൊജക്റ്റിനായി 64.9 കോടി രൂപയായിരുന്നു നേരത്തെ അനുവദിച്ചിരുന്നത്. എന്നാല്‍ പ്രൊജകറ്റില്‍ കാതലായ മാറ്റം വരുത്തിയാണ് പുതിയ രൂപകല്‍പ്പന. 130 കവല മുതല്‍ കടാതിവരെ 2.4 കിലോമീറ്ററാണ് റോഡിന്റെ നീളം. നിലവിലെ പാലത്തിന് രണ്ടു വരി പാതയുടെ മാത്രം വീതിയാണുള്ളത്. സ്ഥലം ഏറ്റെടുപ്പിനും പുനരധിവാസത്തിനും പുനസ്ഥാപനത്തിനും വേണ്ടി 56.50 കോടി രൂപ ലാന്റ് അക്വിസേഷന്‍ തഹസീല്‍ദാര്‍ക്ക് കൈമാറിയിരുന്നു. പാലം കഴിഞ്ഞുളള കടാതിഭാഗത്തെ 400 മീറ്റര്‍ വരുന്ന റോഡുകളുടെ നിര്‍മ്മാണം ഭാഗികമായി പൂര്‍ത്തിയായി കഴിഞ്ഞു. മുറിക്കല്‍ ബൈപ്പാസ് നിര്‍മ്മാണത്തിനും എല്ലാവരുടെയും പിന്തുണ വേണമെന്ന് എം എല്‍ എ അഭ്യര്‍ത്ഥിച്ചു.