കൊച്ചി: കോടനാട് ജനവാസമേഖലയിലെ പൊട്ടക്കിണറ്റില്‍ വീണ് കാട്ടാന ചരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിലാണ് ആന വീണത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആന കിണറ്റില്‍ വീണത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഏറെ നേരം കഴിഞ്ഞാണ് ആനയുടെ ജഡം പുറത്തെടുത്തത്.
മലയാറ്റൂര്‍ ഡിഎഫ്ഒ സ്ഥലത്തെത്താതെ ആനയെ പുറത്തെത്തിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. ആനക്കൂട്ടത്തിനൊപ്പം സഞ്ചരിക്കവെ കൂട്ടംതെറ്റിയ പിടിയാന ഉപയോഗ ശൂന്യമായി കിടന്ന കിണറ്റില്‍ വീണതാകാമെന്നാണ് നിഗമനം. നെടുമ്പാറ മുല്ലശ്ശേരി തങ്കന്റെ പുരയിടത്തിലെ കിണറിലാണ് ആന വീണത്. വനം വകുപ്പുദ്യോഗസ്ഥരും റവന്യൂ വകുപ്പുദ്യോഗസ്ഥരും എത്തി ആനയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു. ആനയെ ക്രെയിന്‍ ഉപയോഗിച്ച് പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി.
കോടനാട് മേഖലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാട്ടാനക്കൂട്ടം സ്ഥിരമായി എത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കാട്ടാനശല്ല്യം മൂലം ജനങ്ങളാകെ ഭയപ്പാടിലാണ്. സംഭവ സ്ഥലത്ത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉണ്ടായി. ബെന്നി ബഹനാന് എം.പി., എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ. എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നും ഇതിന് പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.