പെരുമ്പാവൂര്‍ : കുറുപ്പംപടി കൂട്ടിക്കല്‍ റോഡില്‍ പയ്യാല്‍ മുതല്‍ കുറ്റിക്കുഴി വരെയുള്ള ഭാഗം അടിയന്തിരമായി ടാര്‍ ചെയ്യുന്നതിന് 92.7 ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ അറിയിച്ചു. കുറുപ്പുംപടി കൂട്ടിക്കല്‍ റോഡ് ഉന്നത നിലവാരത്തില്‍ ബിഎംബിസി ടാറിംഗ് ചെയ്തപ്പോഴും ഒന്നര കിലോമീറ്ററോളം വരുന്ന ഭാഗം ഒഴിവാക്കിയിരുന്നു. ഹില്‍ ഹൈവേയുടെ ഭാഗമായി ടാറിംഗ് നടത്താത്ത ഈ ഭാഗത്തെ പ്രവൃത്തിക്കാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്.
ടാറിംഗും കോണ്‍ക്രീറ്റ് ടൈല്‍ വിരിക്കുന്നതുമാണ് ഈ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റോഡ് പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തികരിച്ചു കാര്യക്ഷമമായി പരിപാലിക്കുന്നതിന് റണ്ണിങ് കോണ്ടാക്ട് വ്യവസ്ഥയിലാണ് വര്‍ക്ക് ടെന്‍ഡര്‍ ചെയ്തിരിക്കുന്നത്. നിശ്ചിത റോഡുകളുടെ പരിപാലനം നിശ്ചിത കരാറുകാരെ ഏല്‍പ്പിക്കുന്ന സംവിധാനമാണ് റണ്ണിങ് കോണ്ടാക്ട് എന്നറിയപ്പെടുന്നത്. റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞാലും നിശ്ചിത ഇടവേളകളില്‍ റോഡിന്റെ പരിപാലനം ഉദ്യോഗസ്ഥരുടെ പരിശോധനക്ക് വിധേയമായിരിക്കും. കൂടുതല്‍ ഗുണനിലവാരമുള്ള റോഡുകള്‍ നിര്‍മ്മിക്കുന്നതിന് ഈ വ്യവസ്ഥ ഫലപ്രദമാണെന്ന് എംഎല്‍എ പറഞ്ഞു.


