മൂവാറ്റുപുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി മാത്യു കുഴല്‍ നാടന്‍ പ്രചരണത്തില്‍ സജീവമായി മൂവാറ്റുപുഴ വോട്ടര്‍മാരുടെ ഹൃദയത്തിലേക്ക് ഇറങ്ങി. മൂവാറ്റുപുഴയെ പ്രകമ്പനം കൊള്ളിച്ച റോഡ് ഷോയുമായാണ് മാത്യു പ്രചാരണത്തിനു തുടക്കം കുറിച്ചത്. നിയോജക മണ്ഡലത്തിലെ നൂറുകണക്കിനു പ്രവര്‍ത്തകരും സാധാരണക്കാരും അണിനിരന്ന പ്രകടനം നഗരത്തെ ഇളക്കിമറിച്ചു. യുഡിഎഫ് പ്രവര്‍ത്തകരുടെയും സാധാരണ ജനങ്ങളുടെയും പിന്തുണ വലിയ മാറ്റത്തിനുള്ള കാഹളമായാണ് താന്‍ കരുതുന്നതെന്ന് മാത്യു പറഞ്ഞു. ജാഥയ്ക്കൊപ്പം കൂടിയ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊപ്പം താന്‍ എന്നുമുണ്ടാകുമെന്ന് മാത്യു പറഞ്ഞു.
ജാഥ ഉദ്ഘാടനം ചെയ്ത ഡീന്‍ കുര്യാക്കോസ് എംപിയും ജാഥയില്‍ കുഴല്‍നാടനൊപ്പം മുന്‍നിരയിലുണ്ടായിരുന്നു. പിഎസ്സി ഉദ്യോഗാര്‍ഥികളുടെ വലിയ സാന്നിധ്യം മാത്യുവിനോടുള്ള നന്ദി പ്രകടനമായി. പിഎസ്സി വിഷയത്തില്‍ നിയമപരമായും രാഷ്ട്രീയമായും ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം നിലകൊണ്ട നേതാവായിരുന്നു മാത്യു കുഴല്നാടന്.
നിയോജകമണ്ഡലത്തിലെ നൂറ്റിയമ്പതിലേറെ വരുന്ന ബൂത്ത് പ്രസിഡന്റുമാരും പ്രവര്‍ത്തകരും ജാഥയില്‍ കണ്ണികളായി. യുഡിഎഫിന്റെ നേതാക്കന്മാരും പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു. സ്ത്രീകളുടെ വലിയ നിര ജാഥയുടെ പ്രത്യേകതയായി.
ത്രിവര്‍ണം ഊതി വീര്‍പ്പിച്ച ബലൂണുകള്‍ വാനിലുയര്‍ന്ന കാഴ്ച പ്രവര്‍ത്തകര്‍ക്ക് ആവേശമായി. മാത്യു കുഴല്‍ നാടന്റെ പ്ലക്കാര്‍ഡുകളുമേന്തി യുവാക്കള്‍ ജാഥയില്‍ അണി ചേര്‍ന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വന്‍ പ്രകടനം ജാഥയില്‍ ലയിച്ചതോടെ നഗരം മനുഷ്യക്കടലായി.
കെഎസ്യുവിന്റെയും എംഎസ്എഫിന്റെയുമടക്കമുള്ള യുഡിഎഫ് വിദ്യാര്‍ഥി സംഘടനകളും യുഡിഎഫ് പോഷക സംഘടനകളും ജാഥയ്ക്കൊപ്പം കൂടി. മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ജങ്ഷനില്‍ നിന്നാണ് ജാഥ ആരംഭിച്ചത്.