മൂവാറ്റുപുഴ നഗരസഭയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ തനത് വരുമാനം കണ്ടെത്താനുള്ള നിര്‍ദ്ദേശങ്ങളോ നിലവിലുള്ള ലഭിക്കേണ്ട വരുമാനം നേടിയെടുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളോ പദ്ധതികളോ ഗൗരവത്തോടെ ഉള്പ്പെടുത്തിയിട്ടില്ലന്ന് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ആര് രാകേഷ് ആരോപിച്ചു. ഗതാഗതം,കുടിവെള്ളം ,കൃഷി, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നഗരസഭയുടേതായ പങ്കാളിത്തമുള്ള പദ്ധതികള്‍ ശാശ്വതമായി നടപ്പാക്കാനുള്ള നിര്‍ദേശമോ തുക വകയിരുത്തലോ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ നിര്‍ദ്ദേശിച്ച പദ്ധതികള്‍ അതേപടി ഇത്തവണയും ആവര്‍ത്തിക്കുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളതെന്നും രാകേഷ് കുറ്റപ്പെടുത്തി.
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും സഹായത്താല്‍ നടപ്പാക്കിയിട്ടുള്ളതാണ്. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ നഗരസഭയുടേതായി ചിത്രീകരിക്കുന്ന നിലപാടാണ് ബജറ്റില്‍ സ്വീകരിച്ചിട്ടുള്ളത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ജീവിത ഗുണനിലവാരം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന പദ്ധതികളും ലിംഗനീതി കാഴ്ചപ്പാടോട് കൂടിയ പദ്ധതികളും ഇല്ലാത്ത ബഡ്ജറ്റ് ആയി മാറി. മോഹന വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന യാഥാര്‍ത്ഥ്യ ബോധമില്ലാത്ത തട്ടിക്കൂട്ടിയ ബജറ്റാണ് ഇത്തവണ യുഡിഎഫ് ഭരണസമിതി അവതരിപ്പിച്ചിട്ടുള്ളതെന്നും രാകേഷ് പറഞ്ഞു.


