കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ നിന്ന് ഡെപ്യൂട്ടേഷൻ വാങ്ങിപ്പോകാൻ അപേക്ഷ നൽകി പതിമൂവായിരം ജീവനക്കാർ. അപേക്ഷ നൽകാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ കോർപ്പറേഷനിലെ പകുതിയിലേറെ ജീവനക്കാരും അപേക്ഷ നൽകുമെന്നാണ് കണക്കാക്കുന്നത്.കെ.എസ്.ആർ.ടി.സിയുടെ ആയുസിൽ ജീവനക്കാർക്കുള്ള സംശയമാണ് ഡെപ്യൂട്ടേഷൻ അപേക്ഷകളുടെ കണക്ക് വ്യക്തമാക്കുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ദീർഘകാല അവധിക്കും മറ്റ് വകുപ്പുകളിലേക്ക് ഡെപ്യൂട്ടേഷൻ അനുവദിക്കാനും കെ.എസ്.ആർ.ടി.സി അപേക്ഷ ക്ഷണിച്ചത് ആറുദിവസം മുൻപാണ്. ക്ഷണിക്കേണ്ട താമസമേയുണ്ടായിരുന്നുള്ളു. ഇതുവരെ അപേക്ഷിച്ചവർ 13,400 പേർ. ഇന്ന് സമയം അവസാനിക്കുമ്പോൾ ആകെയുള്ള 24500 ജീവനക്കാരിൽ മഹാഭൂരിപക്ഷവും അപേക്ഷിക്കുമെന്നാണ് സൂചന.

