പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ ടൗണ്‍ ബൈപ്പാസിന്റെ രണ്ടാം ഘട്ട പദ്ധതിയുടെ വിശദമായ രേഖ തയ്യാറാക്കി കിഫ്ബിയില്‍ സമര്‍പ്പിച്ചതായി അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് ഓഫ് കേരളക്ക് വേണ്ടി കിറ്റ്കോയാണ് പദ്ധതി രേഖ തയ്യാറാക്കിയത്. 170. 53 കോടി രൂപയാണ് പദ്ധതി റിപ്പോര്‍ട്ട് പ്രകാരം രണ്ടാം ഘട്ടത്തിനായി വേണ്ടി വരുന്നതെന്ന് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. ഒന്നാം ഘട്ടത്തിന് ആവശ്യമായി വരുന്ന 30.13 കോടി രൂപ ഉള്‍പ്പെടെ പദ്ധതി ചെലവ് 200.66 കോടി രൂപയായി ഇതോടെ ഉയരും.
6.06 ഹെക്ടര്‍ സ്ഥലം രണ്ടാം ഘട്ട പദ്ധതിക്ക് വേണ്ടി മാത്രം ഏറ്റെടുക്കും. 2.73 കിലോമീറ്റര്‍ ദൂരത്തിലാണ് രണ്ടാം ഘട്ട പദ്ധതി നടപ്പിലാക്കുന്നത്. ഫ്ലൈഓവര്‍, വലിയ പാലങ്ങള്‍, അണ്ടര്‍പാസ്, ബോക്സ് കലുങ്കുകള്‍ എന്നിവ രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കേണ്ടി വരും. പദ്ധതി തുടങ്ങി 850 മീറ്റര്‍ എത്തുന്ന ഭാഗത്താണ് ഫ്ലൈഓവര്‍ നിര്‍മ്മിക്കുന്നത്. ഒരു കിലോമീറ്റര്‍ നീളത്തില്‍ 19.5 മീറ്റര്‍ വീതിയിലാണ് നിര്‍മ്മാണം. 24 സ്പാനുകളിലൂടെയാണ് ഫ്ലൈഓവര്‍ നിര്‍മ്മിക്കുന്നത്.
ബൈപ്പാസ് ആരംഭിച്ചു ഇരുനൂറ്റിയമ്പതാമത്തെ മീറ്റര്‍ നീളത്തിലും എണ്ണൂറ്റി നാല്പ്പതമത്തെ മീറ്റര്‍ നീളത്തിലുമാണ് രണ്ട് അണ്ടര്‍ പാസുകള്‍ നിര്‍മ്മിക്കുന്നത്. ആദ്യത്തെ അണ്ടര്‍ പാസിന് 7 മീറ്റര്‍ നീളവും രണ്ടാമത്തെത്തിന് 25 മീറ്റര്‍ നീളവുമുണ്ടാകും. 10 മീറ്റര്‍ വീതിയിലാണ് രണ്ട് അണ്ടര്‍ പാസുകളുടെയും നിര്‍മ്മാണം. 1.940 കിലോമീറ്റര്‍ ദൂരം എത്തുമ്പോഴും 2.320 കിലോമീറ്റര്‍ ദൈര്‍ഘ്യ സ്ഥലത്തും 140, 80 മീറ്റര്‍ നീളത്തിലുള്ള രണ്ട് പാലങ്ങളും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും.
പെരുമ്പാവൂര്‍ ബൈപാസിനായി 133. 24 കോടി രൂപയുടെ അനുമതിയാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് ( കിഫ്ബി ) നല്‍കിയിട്ടുള്ളത്. എന്നാല്‍ രണ്ടാം ഘട്ടതിനായി മാത്രം 170. 53 കോടി രൂപ പദ്ധതി എസ്റ്റിമേറ്റ് പ്രകാരം ആവശ്യമായി വരും. സ്ഥലം ഏറ്റെടുക്കുന്നതിനും നിര്‍മ്മാണത്തിനുമുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്.
പെരുമ്പാവൂര്‍, വെങ്ങോല, മാറമ്പിള്ളി വില്ലേജുകളിലാണ് പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത്. രണ്ട് വരി പാതയായി നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മരുത് കവലയില്‍ നിന്ന് തുടങ്ങി എം.സി റോഡ്, പി.പി റോഡ് എന്നിവ കടന്ന് പാലക്കാട്ട് താഴത്ത് അവസാനിക്കുന്ന വിധത്തില്‍ രണ്ട് ഘട്ടങ്ങളായാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പെരുമ്പാവൂര്‍ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ഈ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയത് കിറ്റ്കോയാണ്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്പ്പറേഷന് കേരളയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.


