ആലുവയില്‍ വന്‍ ചീട്ടുകളി സംഘം പിടിയില്‍. പന്ത്രണ്ട് പേരെ അറസ്റ്റ് ചെയ്തു. കളിക്കളത്തില്‍ നിന്നും ഏഴ് ലക്ഷത്തി ഇരുപത്തൊന്നായിരത്തി തൊള്ളായിരം രൂപയും കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആലുവ എസ്.എച്ച്.ഒ എം.എം.മഞ്ജു ദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘം നടത്തിയ സ്പെഷല്‍ ഓപ്പറേഷനില്‍ പെരിയാര്‍ ബാര്‍ ഹോട്ടലില്‍ നിന്നുമാണ് ചീട്ടു കളിസംഘത്തെ പിടികൂടിയത്.
ഇടുക്കി മന്നംകണ്ടം മംഗലത്ത് വീട്ടില്‍ ഷംസുദീന്‍ (36), ചെറായി കുഴിപള്ളി പഴംപള്ളി മുരളി (56), പിറവം പാഴൂര്‍ പുത്തന്‍പുരക്കല്‍ വീട്ടില്‍ എല്‍ദോസ് (41), പിറവം കക്കാട് മിനിയാലില് വീട്ടില്‍ ബിജു (46), പിറവം കക്കാട് എടയാലില്‍ വീട്ടില്‍ ശ്രീജിത്ത് (31), പാലാരിവട്ടം കണയന്നൂര്‍ ചൂലക്കടവ് അന്‍സാര്‍ (45), നെടുമ്പാശ്ശേരി ചെങ്ങാമനാട് മല്ലിശേരി പറമ്പ് വീട്ടില്‍ സുരേഷ് (43), ആലുവ ജവഹര്‍ റോഡില്‍ വല്ലൂരകതൂട്ട് വീട്ടില്‍ അശോകന് (48), തൊടുപുഴ ഉടുമ്പന്നൂര്‍ ഇരമ്പത്ത് ഷഫീക് (33), ചെങ്ങമനാട് അടുവശ്ശേരി കോട്ടയില്‍ മാവേലി വീട്ടില്‍ പ്രകാശന് (55), നെടുമ്പാശ്ശേരി മേക്കാട് ചാമവിളയില്‍ ജോണ്‍പോള്‍ (28), പെരുമ്പാവൂര്‍ വെങ്ങോല കിഴക്കന്‍ വീട്ടില്‍ ഫിറോസ് (36) എന്നിവരാണ് പിടിയിലായത്. ഹോട്ടലില്‍ റൂമെടുത്താണ് സംഘം ചീട്ടുകളിച്ചിരുന്നത്.
എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് പണം വച്ച് ചീട്ട് കളിക്കാന്‍ വന്നുകൊണ്ടിരുന്നത്. പോലീസും മറ്റും വരുന്നുണ്ടോ എന്നറിയാന്‍ സംഘം വഴികളില്‍ പ്രത്യേകം ആളുകളെ നിര്‍ത്തിയിട്ടുണ്ടായിരുന്നു. 11 ന് രാത്രി പത്ത് മണിയോടെ പത്ത് പേരടങ്ങുന്ന പ്രത്യേക പോലീസ് ടീം ഗ്രൂപ്പുകളായി എത്തി ഹോട്ടല്‍ വളഞ്ഞ് പിടികൂടുകയായിരുന്നു.


