മൂവാറ്റുപുഴ : ശമ്പളവും പെന്ഷനുമടക്കമുളള അംഗന്‍വാടി ജീവനക്കാരുടെ മുഴുവന്‍ പ്രശ്നങ്ങളും പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഡോക്ടര്‍ ശശി തരൂര്‍ എംപി പറഞ്ഞു. പ്രതി സന്ധി നിറഞ്ഞതാണ് ജീവനക്കാരുടെ് ജീവിതം. ഇത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കണ്‍തുറന്ന് കാണണമെന്നും അദേഹം പറഞ്ഞു. ഡോ.മാത്യു കുഴല്നാടന് എംഎല്‍എയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ചിരിക്കുന്ന ‘ സ്പര്‍ശം ‘ പദ്ധതിയുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശി തരൂര്‍ .
ഡോ.മാത്യു കുഴല്നാടന് എം എല്‍ എ സ്പര്‍ശം പദ്ധതിയുടെ വിശദീകരണം നടത്തി. ജീവനക്കാരുടെ ആവശ്യങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമെന്നും എം എല്‍ പറഞ്ഞു.
സ്പര്‍ശം പദ്ധതിയുടെ ഭാഗമായി സമൂഹത്തിലെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഓരോ വിഭാഗം ആളുകളെ ആയി വര്‍ഷംതോറും എംഎല്‍എ ഏറ്റെടുക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി എംഎല്‍എയുടെ ആദ്യവര്‍ഷം ആശാ വര്‍ക്കര്‍മാരെയാണ് ഏറ്റെടുത്തിരുന്നത്. രണ്ടാം വര്‍ഷം അംഗനവാടി ജീവനക്കാരെയാണ് ഏറ്റെടുക്കുന്നത്. ഉദഘാടനാനന്തരം ശശിതരൂരും, മാത്യു കുഴല്‍നാടനും അംഗനവാടി ജീവനക്കാരുമായി സംവദിച്ചു.
അംഗനവാടി ജീവനക്കാര്‍ ആവശ്യപ്പെട്ടത്
തങ്ങളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപെട്ടു. കുട്ടികള്‍ക്ക് നല്കാന് ഗുണമേന്മയുളള ഭക്ഷണ ധാന്യങ്ങള്‍ വിതരണം ചെയ്യണം. മുഴുവന്‍ അംഗന്‍വാടികളും സ്വന്തം കെട്ടിടം വേണം. ഹെല്പ്പഴ്സിന് പ്രമോഷന് അനുവദിക്കണം തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ജീവനക്കാര്‍ ഉന്നയിച്ചു .
ഇവിടെ ഉയര്‍ന്നുവന്ന ആവശ്യങ്ങള്‍ പാര്‍ലമെന്റിലും നിയമസഭയിലും ഉന്നയിക്കുമെന്ന് എം പി യും എം എല്‍ എ യും അംഗന്‍വാടി ജീവനക്കാര്‍ക്ക് ഉറപ്പ് നല്കി. സ്പര്‍ശം പദ്ധതിയിലേക്ക് ആദ്യ സംഭാവനയായി 1 ലക്ഷം രൂപയുടെ ചെക്ക് പി വി എം ഗ്രൂപ്പ് ഡയറക്ടറും നഗരസഭ ഹെല്‍ത്ത് ചെയര്‍മാനുമായ പി എം അബ്ദുല്‍ സലാമില്‍ നിന്നും ശശി തരൂര്‍ ഏറ്റുവാങ്ങി.
ചടങ്ങില്‍ മുന്‍ എം എല്‍ എ ജോണി നെല്ലൂര്‍, മുന്‍ എം പി ഫ്രാന്‍സീസ് ജോര്‍ജ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊ . ജോസ് അഗസ്റ്റിന് , എ. മുഹമ്മദ് ബഷീര്‍, പ്രൊ എം പി മത്തായി, കെ എം പരിത് ,അഡ്വ. വര്‍ഗീസ് മാത്യു, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് ജില്ല സെക്രട്ടറി മാത്യൂസ് വര്‍ക്കി എന്നിവര്‍ സംസാരിച്ചു. നഗരസഭ ചെയര്മാന് പി പി എല്‍ദോസ് സ്വാഗതവും വൈസ് ചെയര്‍ പേഴ്സണ്‍ സിനി ബിജു നന്ദിയും പറഞ്ഞു.


