മൂവാറ്റുപുഴ: മൂന്ന് ജില്ലകളിലെ കൗമാര കായിക താരങ്ങള്‍ മാറ്റുരക്കുന്ന സെന്‍ട്രല്‍ കേരള സഹോദയ അത്ലറ്റിക് മീറ്റിന് മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കൊടി ഉയര്‍ന്നു. ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ നൂറിലധികം സി.ബി.എസ്.ഇ. സ്കൂളുകളില്‍ നിന്നുള്ള മൂവായിരത്തോളം കായികതാരങ്ങളാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കായികോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.
മൂവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്കൂളിന്റെ ആദിഥേയത്തില് ആരംഭിച്ച കായീക മേള മാത്യു കുഴല്നാടന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് അധ്യക്ഷനായി. സെന്‍ട്രല്‍ കേരള സഹോദയ പ്രസിഡന്റ് റവ. ഫാ. മാത്യു കരീത്തറ സി.എം.ഐ. പതാക ഉയര്‍ത്തി. ഡിവൈ.എസ്.പി. മുഹമ്മദ് റിയാസ് മേള ഫ്ലാഗ് ഒഫ് ചെയ്തു.
തുടര്‍ന്നു നടന്ന കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. രഞ്ജിത് സല്യൂട്ട് സ്വീകരിച്ചു. സെന്‍ട്രല്‍ കേരള സഹോദയ സ്പോട്സ് കോഓര്‍ഡിനേറ്റര്‍ ഡോ. പി.എ. അശോകന് ഒളിമ്പിക് ദീപശിഖ തെളിയിച്ചു.സെന്റ് തോമസ് പബ്ലിക് സ്കൂള്‍ മാനേജര്‍
ഫാ. ജോണ്‍ പുത്തൂരാന്‍, പ്രിന്‍സിപ്പല്‍ മേരി സാബു, കേരള സ്റ്റേറ്റ് അത് ലറ്റിക് അസോസിയേഷന് സെക്രട്ടറി പ്രഫ. പി.ഐ. ബാബു, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി.എം. അബ്ദുള്‍ സലാം, കൗണ്‍സിലര്‍ കെ.ജി. അനില്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആദ്യ ദിനം 186 പോയിന്റുമായി വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്കൂള്‍ മുന്നില്‍
ആദ്യ ദിനം പൂര്‍ത്തിയായപ്പോള്‍ 186 പോയിന്റുമായി എറണാകുളം ജില്ലയിലെ വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്കൂള്‍ മറ്റു സ്കൂളുകളെക്കാള്‍ മുന്നിലാണ്. 26 കായീക ഇനങ്ങളിലാണ് മത്സരം പൂര്‍ത്തിയായത്. 126 പോയിന്റോടെ മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂള്‍ രണ്ടാം സ്ഥാനത്തുണ്ട്. പുത്തന്‍കുരിശ് ബി.ടി.സി. പബ്ലിക് സ്കൂള്‍, ചാലക്കുടി സി.എം.ഐ. പബ്ലിക് സ്കൂള്‍, മൂവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്കൂള്‍, പെരുമ്പാവൂര്‍ സെന്റ് തോമസ് പബ്ലിക് സ്കൂള്‍, കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂള്‍, കോതമംഗലം ഗ്രീന്‍ വാലി പബ്ലിക് സ്കൂള്‍, സ്റ്റെല്ല മാരിസ് കോണ്‍വന്റ് സ്കൂള്‍, തൊടുപുഴ ഡീപോള്‍ പബ്ലിക് സ്കൂള്‍, പുല്ലുവഴി സെന്റ് ജോസഫ് കോണ്‍വന്റ് സ്കൂള്‍, കോട്ടപ്പടി സെന്റ് ജോര്‍ജ് പബ്ലിക് സ്കൂള്‍, തൊടുപുഴ സരസ്വതി വിദ്യാനികേതന്‍, ഇടപ്പളളി കാമ്പിയന്‍ സ്കൂള്‍, വാളകം ബ്രൈറ്റ് പബ്ലിക് സ്കൂള്‍, വേങ്ങൂര്‍ സാന്തോം പബ്ലിക് സ്കൂള്‍, തത്തപ്പിളളി പീസ് ഇന്റര്‍ നാഷണല്‍ സ്കൂള്‍, കല്ലൂര്‍ക്കാട് ബത്ലഹേം ഇന്റര്‍ നാഷണല്‍ സ്കൂള്‍ എന്നീ വിദ്യാലയങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുളളത്.
സെന്‍ട്രല്‍ കേരള സഹോദയ അത് ലറ്റിക് മീറ്റില്‍ സീനിയര്‍ വിഭാഗം ആണ് കുട്ടികളുടെ നൂറ് മീറ്റര്‍ ഓട്ടത്തില്‍ അക്ഷയ് എസ്. കൃഷ്ണയും (കാര്‍മല്‍ പബ്ലിക് സ്കൂള്‍, വാഴക്കുളം), സീനിയര്‍ വിഭാഗം പെണ് കുട്ടികളുടെ നൂറ് മീറ്റര്‍ ഓട്ടത്തില്‍ മെസ്മിന്‍ മത്തായിയും (സ്റ്റെല്ല മരിസ് കോണ്‍വന്റ് സ്കൂള്‍, തിരുവാണിയൂര്‍), സൂപര്‍ സീനിയര്‍ വിഭാഗം ആണ് കുട്ടികളുടെ ലോംഗ് ജമ്പില്‍ ജോണ്‍ മാത്യു റോണിയും (കാര്‍മല്‍ പബ്ലിക് സ്കൂള്‍ വാഴക്കുളം), സൂപര്‍ സീനിയര്‍ വിഭാഗം പെണ് കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ എയ്ഞ്ചല്‍ മരിയ ജോയിയും (കാര്‍മല്‍ പബ്ലിക് സ്കൂള്‍ വാഴക്കുളം) ഒന്നാം സ്ഥാനം നേടി.