കൊച്ചി: ആലുവ കൊലയാളി അസ്ഫാക് ആലം നേരത്തേയും പീഡനക്കേസിലെ പ്രതി. ഡല്‍ഹിയില്‍ ഇയാള്‍ക്കെതിരെ പോക്സോ കേസുണ്ട്.മറ്റ് എവിടെയെങ്കിലും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നതടക്കം പോലീസ് അന്വേഷിച്ച് വരികയാണ്. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
2018-ലാണ് കേസിന് ആസ്പദമായ നടന്നതെന്ന് പോലീസ് അറിയിച്ചു. പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് നേരത്തെയുണ്ടായിരുന്ന കേസ്. അന്ന് ജയിലിലായ അസ്ഫാക് ഒരു മാസം തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി. 2018-ല്‍ ഗാസിപുര്‍ പോലീസാണ് അസഫാക്കിനെ അറസ്റ്റ് ചെയ്തത്.
ഗാസിപുരില്‍ പോക്സോ ആക്ടിലെ സെക്ഷന്‍ 12 പ്രകാരവും ഐ.പി.സിയുടെ 354, 354 എ വകുപ്പുകളും പ്രകാരമായിരുന്നു കേസ്. ഒരുമാസത്തോളം വിചാരണത്തടവുകാരനായിരുന്നു. ജാമ്യത്തിലിറങ്ങിയാണ് ഇയാള്‍ കേരളത്തിലെത്തുന്നത്. ഫിംഗര്‍ പ്രിന്റ് ഡേറ്റാ ബേസിലെ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഗാസിപുരിലെ കേസിലും ഇയാള്‍ പ്രതിയാണെന്ന് മനസിലായത്. ബിഹാറില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഉള്ളതായി നിലവില്‍ വിവരമില്ലെന്നും വിവേക് കുമാര്‍ ഐ.പി.എസ്. വ്യക്തമാക്കി.
പ്രതിയുടെ തിരിച്ചറിയില്‍ പരേഡ് നടന്നുവെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ ഐ.പി.എസ്. അറിയിച്ചു. ഇത് കൂടെ പരിഗണിച്ച് പ്രതിക്കായി കസ്റ്റഡി അപേക്ഷ നല്‍കും. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.