എറണാകുളത്ത് ഒരാളെ കൂടി കാപ്പ ചുമത്തി ജയിലിലടച്ചു. നിരവധി കേസുകളിൽ പ്രതിയായ അയ്യംമ്പുഴ മുരിങ്ങേടത്തുപാറ കൂട്ടാല വീട്ടിൽ കൂട്ടാല എന്ന് വിളിക്കുന്ന നിഖിലിനെയാണ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു.
കവർച്ച, നരഹത്യാശ്രമം, ന്യായ വിരോധമായി സംഘം ചേരൽ, അതിക്രമിച്ചുകടക്കൽ, ഭീഷണിപ്പെടുത്തൽ, ആയുധ നിയമപ്രകാരമുള്ള കേസ്, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടയൽ തുടങ്ങിയ കേസുകൾ ഇയാളുടെ പേരിലുണ്ട്. 2019ൽ ഒരു വർഷക്കാലത്തേക്ക് ഇയാളെ കാപ്പ നിയമ പ്രകാരം നാട് കടത്തിയിരുന്നു. അയ്യമ്പുഴ, കാലടി, അങ്കമാലി, പീച്ചി പൊലീസ് സ്റ്റേഷനുകളിലായാണ് ഇയാൾക്ക് എതിരെ കേസുകൾ ഉള്ളത്.
കഴിഞ്ഞ മാർച്ചിൽ കാലടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾ പ്രതിയായതിനെ തുടർന്നാണ് ഇപ്പോൾ വീണ്ടും കാപ്പ പ്രകാരം ജയിലിൽ അടച്ചത്.


