ആലപ്പുഴ: നിക്ഷേപത്തുക പോസ്റ്റ് ഓഫീസ് അക്കൗണ്ടില്‍ അടയ്ക്കാതെ 21 ലക്ഷം രൂപയുടെ തിരിമറി നടത്തിയ മാരാരിക്കുളം വടക്ക് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ അമിതനാഥിനെ(29) റിമാന്റ് ചെയ്തു. ഇവര്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. അറസ്റ്റിലായ അമിതയെ ഇന്നലെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്കു മാറ്റി.
മാരാരിക്കുളം വടക്ക് ബ്രാഞ്ച് പോസ്റ്റ് ഓഫിസില്‍ എക്സ്ട്രാ ഡിപ്പാര്‍ട്മെന്റല്‍ ടെസ്റ്റ് എഴുതിയാണ് ഗ്രാമീണ്‍ ടാക് സേവക് ജീവനക്കാരിയായ അമിത ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് വകുപ്പുതല പരീക്ഷയെഴുതി പോസ്റ്റ് മാസ്റ്റര്‍ ആയി സ്ഥിരനിയമനം ലഭിച്ചു. അതിനു ശേഷം കഴിഞ്ഞ ജനുവരിയില്‍ സ്ഥാനക്കറ്റത്തോടെ പോസ്റ്റ്മാനായി തുറവൂര്‍ പോസ്റ്റ് ഓഫീസിലെത്തി ചുമതലയേറ്റു. ഇതിന് പിന്നാലെയാണ് മാരാരിക്കുളത്ത് ജോലി ചെയ്യുമ്പോള്‍ 5 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയതായി പരാതിയെത്തിയത്. പരാതിയെ തുടര്‍ന്ന് അമിത നാഥ് സസ്പെന്‍ഷനിലായി. ആരോപണം ശരിവെക്കുന്നതായിരുന്നു വകുപ്പു തല അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ തട്ടിച്ചെടുത്ത തുക അമിതയുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്നാണ് സൂചന.
മാരാരിക്കുളം വടക്ക് പോസ്റ്റ് ഓഫീസ് പരിധിയിലെ 21 പേരാണ് തട്ടിപ്പിനിരയായത്. ഇവിടെ വിവിധ നിക്ഷേപ പദ്ധതികളിലായി 700 പേരാണുള്ളത്. രേഖകള്‍ ഹാജരാക്കാന്‍ എല്ലാവര്ക്കും തപാല്‍ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. നിക്ഷേപകരില്‍ നിന്നു പരാതി ലഭിച്ചപ്പോള്‍ തന്നെ വകുപ്പു തല അന്വേഷണം നടത്തിയെന്നും ഗുരുതരമാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും ആലപ്പുഴ പോസ്റ്റ് ഓഫിസ് സൂപ്രണ്ട് ബിന്ദു വര്‍മ പറഞ്ഞു


