പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി കൊച്ചി. കടുത്ത സുരക്ഷകള്‍ക്ക് നടുവില്‍ ആഘോഷം വൈകിട്ട് മുതല്‍ ആരംഭിക്കും. ഒരു മാസമായി കാര്‍ണിവലിന്റെ ആവേശത്തിലാണ് നഗരം. ചെറായി, മലയാറ്റൂര്‍, മറൈന്‍ ഡ്രൈവ് തുടങ്ങി മിക്കയിടങ്ങളും പുതുവത്സരത്തിനായി ഒരുങ്ങിക്കഴിഞ്ഞു.
ഫോര്‍ട്ട് കൊച്ചിയിലാണ് പ്രധാന ആഘോഷം. രാത്രി 10 മണിക്ക് തുടങ്ങുന്ന ആഘോഷം 12 വരെ നീളും. 12 മണിക്ക് ഫോര്‍ട്ട് കൊച്ചിയിലെ പപ്പാഞ്ഞിയെ കത്തിക്കും. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലെ പാപ്പാഞ്ഞിക്ക് മോദിയുടെ രൂപസാദൃശ്യമുണ്ടെന്ന് ആരോപിച്ചും കത്തിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞും ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. വിവാദങ്ങള്‍ക്കൊടുവില്‍ രൂപമാറ്റം വരുത്തിയ പപ്പാഞ്ഞിയെയാണ് കത്തിക്കുന്നത്.
കൊവിഡിന് ശേഷമുള്ള ഈ പുതുവത്സരാഘോഷങ്ങള്‍ക്ക് കനത്ത ജാഗ്രതയിലാണ് പൊലീസ്. പുതുവത്സരാഘോഷം രാത്രി 12 മണി വരെ മതിയെന്ന് നേരത്തെ നിര്‍ദേശമുണ്ട്. പന്ത്രണ്ട് മണിക്ക് ശേഷമുള്ള ആഘോഷങ്ങളിലും ഡിജെ പരിപാടികള്‍ക്കടക്കം കര്‍ശന നിയന്ത്രണം ഉണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.


