കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും സ്ത്രീകള്‍ക്കുമെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് മുന്‍ എം.പി ജോയ്സ് ജോര്‍ജ്. അനുചിതമായ പരാമര്‍ശങ്ങളാണ് തന്നില്‍ നിന്നുണ്ടായതെന്ന് ജോയ്സ് ജോര്‍ജ് പറഞ്ഞു. രാഹുല്‍ ഗാന്ധിക്കും സ്ത്രീകള്‍ക്കുമെതിരായ ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ജോയ്സ് ജോര്‍ജിന്റെ ഖേദപ്രകടനം.
ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍ എല്‍ഡിഎഫ് പ്രചാരണയോഗത്തിലായിരുന്നു ജോയിസ് ജോര്‍ജിന്റെ വിവാദ പ്രസംഗം. പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്നും അയാള്‍ കല്യാണം കഴിച്ചിട്ടില്ലെന്നുമായിരുന്നു ജോയ്സ് ജോര്‍ജിന്റെ പരിഹാസം. മന്ത്രി എംഎം മണി അടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു.
സംഭവം വാര്‍ത്തയായതോടെ ജോയ്സ് ജോര്‍ജിനെതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ജോയ്സ് ജോര്‍ജിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ജോയ്സ് ജോര്‍ജിനെ തള്ളി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലപാട് എല്‍ഡിഎഫിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.


