സിപിഐഎം മീനങ്ങാടി ഏരിയ സെക്രട്ടറിയായി എന്‍ പി കുഞ്ഞുമോളെ തെരെഞ്ഞെടുത്തു. കേരളത്തിലെ ആദ്യ വനിതാ ഏരിയ സെക്രട്ടറിയാണ് എന്‍പി കുഞ്ഞുമോള്‍. മഹിള അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗമാണ് എന്‍ പി കുഞ്ഞുമോള്‍.
സിപിഐഎം അമ്പലവയല്‍ ലോക്കല്‍ അംഗം, ബത്തേരി ഏരിയ കമ്മറ്റി അംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 2001ല്‍ ആണ് കുഞ്ഞിമോള് പാര്‍ട്ടി അംഗമാവുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷന് മുന്‍ ജില്ലാ സെക്രട്ടറിയായിരുന്നു. അമ്പലവയല്‍ സര്‍വീസ് സഹകരണ ബേങ്കിന്റെ ആദ്യ വനിതാ പ്രസിഡന്റാണ്. ബത്തേരി ഏരിയാ സമ്മേളനത്തില്‍ ബത്തേരി ഏരിയാ കമ്മിറ്റി വിഭജിച്ച് ബത്തേരി, മീനങ്ങാടി ഏരിയകള്‍ രൂപവത്ക്കരിക്കുകയായിരുന്നു.
അതേസമയം പാലക്കാട് സിപിഐഎമ്മില്‍ വിഭാഗീയത രൂക്ഷം. കുഴല്‍മന്തം, ചെര്‍പ്പുളശ്ശേരി ഏരിയ സമ്മേളനങ്ങളില്‍ ഔദ്യോഗിക പാനലിന് കൂട്ടത്തോല്‍വി. കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിയെ ഔദ്യോഗിക പാനലില്‍ ഉള്‍പ്പെടുത്തിയെങ്കിലും മത്സരത്തില്‍ പരാജയപ്പെടുത്തി. ചെര്‍പ്പുളശ്ശേരിയില്‍ ഔദ്യോഗിക പക്ഷത്തെ പതിമൂന്ന് പേരും തോറ്റു. പി കെ ശശി അനുകൂലികളാണ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ചെര്‍പ്പുളശ്ശേരി ഏരിയാ സമ്മേളനത്തില്‍ മുന്‍ എംഎല്‍എ പി കെ ശശി പക്ഷം സര്‍വാധിപത്യം നേടി. ഔദ്യോഗിക പാനലില്‍ മത്സരിച്ച പതിമൂന്നു പേരെയാണ് വെട്ടിനിരത്തിയത്. നിലവിലെ ഏരിയാ സെക്രട്ടറി കെ ബി സുഭാഷ്, ചളവറ പഞ്ചായത്ത് പ്രസിഡന്റ് ഇ ചന്ദ്രബാബു തുടങ്ങിയവര്‍ കമ്മിറ്റിയില്‍ നിന്നും പുറത്തായി. കെ നന്ദകുമാറാണ് പുതിയ ഏരിയ സെക്രട്ടറി.


