കാസര്‍കോട് പെരിയയില്‍ ദേശീയ പാതയില്‍ അടിപ്പാത തകര്‍ന്ന് വീണു. നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് അടിപ്പാത തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് അപകടം. പെരിയ ടൗണിന് സമീപം നിര്‍മിക്കുന്ന പാലമാണ് തകര്‍ന്നത്. ഒരു തൊഴിലാളിക്ക് പരുക്കേറ്റു.
പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം ഉണ്ടായത്. അഞ്ചോളം തൊഴിലാളികള്‍ ഈ സമയത്ത് നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. രാത്രികാലങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കാറുണ്ട്. നിര്‍മാണത്തിലെ അപാകതയാണോ പാലം തകരാന്‍ കാരണമെന്ന് വ്യക്തമായിട്ടില്ല.
അടിപ്പാതയുടെ മുകള്‍ ഭാഗം കോണ്‍ക്രീറ്റ് കഴിഞ്ഞ ഉടനെ തകര്‍ന്ന് വീഴുകയായിരുന്നു. കോണ്‍ക്രീറ്റ് ചെയ്യാനായി നല്കിയ ചെറു തൂണുകള്‍ക്ക് ബലമില്ലാത്തത് കൊണ്ടെന്ന് അടിപ്പാത തകര്‍ന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനം. ഈ തൂണുകള്‍ പൊട്ടിയാണ് അപകടത്തിന് ഇടയാക്കിയത്. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പാലം നിര്‍മ്മിക്കുന്നത്. ഇത് സംബന്ധിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.