സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും തെരുവുനായ ആക്രമണം. കോട്ടയത്ത് ആറു പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു. ഏറ്റുമാനൂരിലാണ് രണ്ടു കുട്ടികളും ഇതര സംസ്ഥാന തൊഴിലാളിയും ഉള്‍പ്പെടെ ആറ് പേര്‍ക്ക് നായയുടെ കടിയേറ്റത്.
വൈകീട്ട് നാലരയോടെയായിരുന്നു ആക്രമണം. പരിക്കേറ്റവരെ ഏറ്റുമാനൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് വടകരയില്‍ തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ദമ്പതികള്‍ക്ക് പരിക്കേറ്റു.
നിയന്ത്രണം നഷ്ടമായ സ്കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് അഴിത്തല തൈക്കൂട്ടത്തില്‍ ഉല്ലാസ്, ലേഖ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വടകര സാന്റ് ബാങ്ക്സ് റോഡില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടിയത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉല്ലാസിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ലേഖയുടെ നെറ്റിയിലും കൈയിലുമാണ് പരിക്കുള്ളത്.
അതേസമയം, അക്രമകാരികളായ നായകളെ കൊല്ലാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയെ സമീപിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തും കോഴിക്കോട് കോര്‍പറേഷനും സുപ്രിംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.


