കൊച്ചി: കോവിഡ് ആശങ്കയില്‍ നാടിനൊപ്പം നിന്ന് മനുഷ്യ സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും മാതൃക തീര്‍ക്കുകയാണ് പെരുമ്പാവൂര്‍ വളയന്‍ ചിറങ്ങര സ്വദേശി ഷാജിയും കുടുംബവും. മകളുടെ വിവാഹ ചടങ്ങുകള്‍ ലളിതമാക്കി ഭൂരഹിതരായ പത്ത് കുടുംബങ്ങള്‍ക്ക് വീട് വെക്കുന്നതിനായി സൗജന്യമായി സ്ഥലം വിട്ട് നല്‍കിയിരിക്കുകയാണ് ഈ കുടുംബം. പത്ത് കുടുംബങ്ങള്‍ക്ക് കിടപ്പാടം ഒരുട്ടുന്നതിനായി 30 സെന്റ് സ്ഥലമാണ് ഈ കുടുംബം സൗജന്യമായി നല്‍കിയത്.
കോവിഡ് കാലത്തെ വിവാഹമായതിനാല്‍ തീര്‍ത്തും ലളിതമായ ചടങ്ങുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതോടെ വലിയൊരു തുക മിച്ചം വെയ്ക്കാനായി. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ സമ്മതത്തോടെ ഭൂമി പത്ത് കുടുംബങ്ങള്‍ക്ക് സമ്മാനമായി നല്കാന് തീരുമാനിക്കുകയായിരുന്നു.
ഇതോടെ ഭൂരഹിതരായ 10 കുടുംബങ്ങളെ കണ്ടെത്തി, വഴി ഉള്‍പ്പെടെ 30 സെന്റ് സ്ഥലം സൗജന്യമായി നല്കി മാതുകയാകുകയായിരുന്നു.


