ആലുവയില്‍ നിയമ വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ പോലീസ് ഇന്‍സ്പെക്ടര്‍ സി എല്‍ സുധീറിനെ സസ്പെന്‍ഡ് ചെയ്തത് കോണ്‍ഗ്രസിന് പുത്തനുണര്‍വ് പകരും. മൊഫിയയുടെ വിഷയം ഉയര്‍ന്നതിന് പിന്നാലെ ആലുവാ എംഎല്‍എ അന്‍വര്‍ സാദത്ത് തുടങ്ങിയ സമരം കോണ്‍ഗ്രസ് ഏറ്റെടുത്തിരുന്നു. സിഐയെ സസ്പെന്‍ഡ് ചെയ്തതോടെ കോണ്‍ഗ്രസ് സമരവും വിജയത്തിലെത്തുകയായിരുന്നു.
കഴിഞ്ഞ അഞ്ചര വര്‍ഷമായി പ്രതിപക്ഷത്താണെങ്കിലും ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സമരം നടത്തുന്നതില്‍ കോണ്‍ഗ്രസ് പിന്നാക്കം പോയിരുന്നു. പലപ്പോഴും കോണ്‍ഗ്രസ് സമരങ്ങളില്‍ സമരത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നതു മാത്രമായിരുന്നു. ഇതിന്റെ കൂടി ഫലമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി. പിന്നാലെ നേതൃമാറ്റം വന്നതോടെ പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വ് വന്നതിന്റെ തെളിവാണ് സമീപകാല സമരങ്ങള്‍.

കഴിഞ്ഞ അഞ്ചു വര്‍ഷവും സമരം പലപ്പോഴും വഴിപാടായി. നേതാക്കളൊക്കെ ദന്ത ഗോപുരങ്ങളില്‍ ഇരുന്ന് ആഹ്വാനത്തിനപ്പുറം ഒന്നും ചെയ്തില്ല. പെട്രോള്‍ -ഡീസല്‍ വില വര്‍ധനവിനെതിരെ കൊച്ചിയില്‍ ഡിസിസി നടത്തിയ സമരം നടന് ജോജുവിന്റെ വാഹനം തല്ലിത്തകര്‍ത്ത കേസിലേക്ക് വഴിമാറിയെങ്കിലും സമരം ശ്രദ്ധിക്കപ്പെട്ടു. നേതാക്കള്‍ തന്നെ മുന്നില്‍ നിന്നു സമരം നടത്തി. അറസ്റ്റിലായവരിലും നേതാക്കള്‍ വന്നത് പ്രവര്‍ത്തകരിലും ആവേശം നിറച്ചു.
ഇതിനു പിന്നാലെയാണ് മൊഫിയയുടെ വിഷയം വരുന്നത്. രണ്ടു രാത്രിയും മൂന്നു പകലും ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സമരം നടത്തി. സമരത്തിന്റെ ഒരു ഘട്ടത്തിലും കോണ്‍ഗ്രസ് പിന്‍വാങ്ങിയില്ല എന്നതും ശ്രദ്ധേയമായി.
അന്‍വര്‍ സാദത്തിനൊപ്പം ചാലക്കുടി എംപി ബെന്നി ബെഹന്നാന്, അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ എന്നിവരും കൂടെ നിന്നു. പോലീസ് സ്റ്റേഷന് ഉപരോധം തുടര്‍ന്ന നേതാക്കള്‍ ഒരു ഘട്ടത്തിലും പിന്നാക്കം പോയില്ല. പോലീസ് സ്റ്റേഷന് മാര്‍ച്ചും ഉപരോധവും തടയുന്നതിനായി പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ ലാത്തിച്ചാര്‍ജ് നടത്തിയെങ്കിലും ജനപ്രതിനിധികള്‍ മുമ്പിട്ടിറങ്ങിയതോടെ അതു പരാജയമായി.
ഇനിയും ഗ്രൗണ്ടിലിറങ്ങി കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ പാര്‍ട്ടിയും അണികളും ഉണ്ടാകില്ലെന്ന യാഥാര്‍ത്ഥ്യം കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചറിഞ്ഞു എന്നും വ്യക്തം. സുധാകരന്റെയും സതീശന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് തിരിച്ചു വരവിന്റെ പാതയിലെന്ന് വിലയിരുത്തിയാല്‍ തെറ്റില്ലെന്നു സാരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുനിസിപ്പല്‍ ചെയര്മാന് എം.ഓ. ജോണ്‍ എന്നിവരടക്കമുള്ള ജനപ്രതിനിധികളും സമര രംഗത്ത് സജീവമായിരുന്നു.


