കരുനാഗപ്പള്ളി: പാവുമ്പ വില്ലേജില്‍ പാവുമ്പ ക്ഷേത്രത്തിനു സമീപം നൂറ്റാണ്ടുകളായി സ്ഥിതി ചെയ്യുന്ന പാവുമ്പ കല്ലു പാലത്തിന് ശാപമോഷം. പുരാവസ്തു വകുപ്പ് പാവുമ്പ കല്ലുപാലം പുരാവസ്തു പ്രാധാന്യം കണക്കിലെടുത്ത് പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാക്കുവാന് വകുപ്പ് തീരുമാനിച്ചതായി എം.എല്‍.എ സി ആര് മഹേഷ് അറിയിച്ചു. പാവുമ്പാ കല്ലു പാലത്തിന്റെ വിശദ വിവരങ്ങള്‍ പരസ്യപ്പെടുത്തുവാനും തീരുമാനമായി.
ചരിത്ര പ്രാധാന്യം ഏറെയുള്ള പാവുമ്പാ കല്ലുപാലം പ്രളയത്തില്‍ തകര്‍ന്നു പോകുമോ എന്ന ആശങ്ക നാട്ടുകാര്‍ക്ക് ഉണ്ടായിരുന്നു. ഇതിന്റെ ചരിത്ര പ്രാധാന്യം നഷ്ടപ്പെടാതിരിക്കുവാനും പാലം സംരക്ഷിക്കുവാനും പാവുമ്പ സുനില്‍ ചെയര്‍മാനും, മേലോട്ടു പ്രസന്നകുമാര്‍ കണ്‍വീനറും, ഐക്കര ഗോപാലകൃഷ്ണന് രക്ഷാധികാരിയും, വാര്‍ഡ് മെമ്പര്‍ കെ കൃഷ്ണ കുമാറിന്റെയും നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരങ്ങളും അധികാരികള്‍ക്ക് നിവേദനവും നല്‍കിയിരുന്നു.
ഇത് സംബന്ധിച്ച് നാട്ടുകാരുടെ ആവശ്യം എംഎല്‍എ നിരവധി തവണ പുരാവസ്തു തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് കത്ത് നല്‍കുകയും അതിന്റെ അടിസ്ഥാനത്തിലാണ് പാലം ഏറ്റെടുക്കുവാന്‍ തീരുമാനമായത്. രാജഭരണ കാലത്താണ് പാലം ഒറ്റക്കല്ലില്‍ സ്ഥാപിതമായത്. വെള്ളാരംകല്ലുകള്‍ ആണ് നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത്. 500 വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്.
♦ റിപ്പോര്‍ട്ടര്‍: ഷാനി കരുനാഗപ്പിള്ളി


