പിറവം: അഞ്ചല്‍പ്പെട്ടിയില്‍ ബസ് ഇടിച്ച് ഓണക്കൂര്‍ കുമ്പപ്പിള്ളില്‍ പരേതനായ ഉണ്ണിരാമന്റെ ഭാര്യ ഭവാനി (74) മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനടയില് ബസ് തട്ടുകയായിരുന്നു. രാവിലെ 11.15 ഓടെ ആയിരുന്നു അപകടം. മൂവാറ്റുപുഴയില്‍ നിന്നും പിറവത്തേക്ക് പോവുകയായിരുന്ന കംബാനിയന് ബസിടിച്ചാണ് അപകടം.
ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ ശേഷം മുന്നോട്ട് എടുക്കുന്നതിനിടയില്‍ റോഡ് മുറിച്ചു കടന്ന ഭവാനിയെ ഇടിക്കുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാര്‍ ഒച്ചവെച്ചെങ്കിലും ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ബസ്സിനടിയില്‍പ്പെട്ട വയോധികയുടെ ശരീരത്തിലൂടെ പിന്‍ചക്രം കയറി ഇറങ്ങുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു.
അക്ഷയ സെന്ററില്‍ പോയ ശേഷം വീട്ടില്‍ പോകുന്നതിനായി എതിര് വശത്ത് നിര്‍ത്തിയിട്ടിരുന്ന ബസില്‍ കയറാന്‍ മുന്‍വശത്ത് കൂടി ഓടിച്ചെല്ലുകയായിരുന്നു ഭവാനി. ഇത് ഡ്രൈവര്‍ കണ്ടിരുന്നില്ല. അപകടത്തിന് ശേഷം ഡ്രൈവര്‍ ഇറങ്ങി ഓടി. ഡ്രൈവറുടെ അശ്രദ്ധയാണ് മരണത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇത് കണ്ടക്ടറുമായി ചെറിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി.
പോലീസ് എത്തി പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം മുവാറ്റുപുഴ ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം നാളെ രാവിലെ 11-ന് വീട്ടുവളപ്പില്‍. മക്കള്‍: ഉഷ, കുമാരി, സന്തോഷ് (പിറവം ബി.പി.സി കോളേജ് കാന്റീന്). മരുമക്കള്‍: രാജന്, സുകു, ശ്യാമള.


