കോഴിക്കോട് ഫറോക്കിലെ പെയിന്റ് ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് ഫയര്‍ഫോഴ്സ് മേധാവി. ജില്ലാ ഫയര്‍ ഓഫീസര്‍ അഷ്റഫ് അലിയോട് ഡിജിപി ഡോ. ബി സന്ധ്യ റിപ്പോര്‍ട്ട് തേടി. വിശദമായ പരിശോധന നടത്തി ഇന്ന് തന്നെ നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം. സ്ഥാപനത്തിന് ഫയര്‍ എന്‍ഒസി ഇല്ലെന്നാണ് ഫയര്‍ ഫോഴ്സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.
തീപിടുത്തത്തില്‍ ഫോറെന്‍സിക് വിദഗ്ധര്‍ ഇന്ന് വിശദമായ പരിശോധന നടത്തും. ആവശ്യമായ ഫയര്‍ സേഫ്റ്റി സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. കോര്‍പറേഷനില്‍ നിന്ന് ഗോഡൗണിന്റെ പ്രവര്‍ത്തന രേഖകള്‍ പൊലീസ് ശേഖരിക്കും. ജനവാസ മേഖലയിലെ ഗോഡൗണിനെതിരെ പരാതി ഉന്നയിച്ചിരുന്നു എന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ടര്‍പന്റൈനും തിന്നറും ഉള്‍പ്പടെ പെയിന്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍ സൂക്ഷിച്ച ഗോഡൗണിനാണ് തീപിടിച്ചത്. ജനവാസ മേഖലകളില്‍ ഇത്തരം എക്സ്പ്ലോസീവ് സ്വഭാവമുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കുക പതിവില്ലെന്ന് പൊലീസ് പറയുന്നു. സ്ഥാപനം ക്രമപ്രകാരമാണോ പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പ് വരുത്താന്‍ കോര്‍പറേഷനില്‍ നിന്ന് ഗോഡൗണിന്റെ പ്രവര്‍ത്തന രേഖകള്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫറോക്ക് എസിപിയുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. പൂര്‍ണമായും കത്തി നശിച്ച പെരിന്തല്‍മണ്ണ സ്വദേശി ഷിഹാബുദീന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിന്റെ നഷ്ടം കണക്കാക്കിയിട്ടില്ല.
ഫറോക്ക് ചെറുവണ്ണൂരിലെ ഗോഡൗണില്‍ ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് തീ പടര്‍ന്നത്. ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത് ടര്‍പന്റൈന്‍, റ്റിന്നര്‍ ഉള്‍പ്പടെ പെയിന്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളാണ്. തീ പിടുത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക വിവരം. ഗോഡൗണിലേക്ക് ലോഡ് ഇറക്കാന്‍ വന്ന ടാങ്കറില്‍ നിന്നും തീ പടര്‍ന്നു എന്നും സൂചനയുണ്ട്. അഗ്നിബാധയുടെ കാരണങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.


