തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ കോണ്‍ഗ്രസ് അന്വേഷണ കമ്മിഷന്റെ തളിവെടുപ്പ് ഇന്ന്. ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ രണ്ടംഗ സമിതിയാണ് വിവാദം അന്വേഷിക്കുന്നത്. തൃക്കാക്കര എംഎല്‍എ പി.ടി. തോമസും പ്രശ്ന പരിഹാരത്തിനായി രംഗത്തിറങ്ങിയിട്ടുണ്ട്.
ഓണക്കോടിക്കൊപ്പം പതിനായിരം രൂപ സമ്മാനമായി നല്‍കിയതാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരടക്കം ചെയര്‍പേഴ്സണെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തിയതോടെയാണ് കോണ്‍ഗ്രസ് അന്വേഷണ കമ്മിഷനെ പ്രഖ്യാപിച്ചത്.
ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസും ജനറല്‍ സെക്രട്ടറി കെഎക്സ് സേവ്യറും അടങ്ങുന്ന കമ്മിഷന് ചെയര്‍പേഴ്സണില്‍ നിന്നും യുഡിഎഫ് അംഗങ്ങളില്‍ നിന്നും വിശദാംശങ്ങള്‍ ആരായും. എറണാകുളം ഡിസിസി ഓഫീസിലാണ് തെളിവെടുപ്പ്.
തെളിവെടുപ്പിന് ശേഷം റിപ്പോര്‍ട്ട് ഡിസിസി പ്രസിഡന്റിന് കൈമാറും. സംസ്ഥാന നേതൃത്വത്തിന്റെ കൂടി നിര്‍ദേശ പ്രകാരമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. അതിനിടെ തൃക്കാക്കര എംഎല്‍എയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായ പി.ടി തോമസും പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്.
കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമം അനുശാസിക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം പണക്കിഴി തിരികെ നല്കിയ യുഡിഎഫ് കൗണ്‍സിലര്‍മാരുമായി പിടി തോമസ് കൂടിക്കാഴ്ച നടത്തിയിരുന്നു.