കൊല്ലത്ത് ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ നിലമേല്‍ കൈതോടുള്ള വീട് സന്ദര്‍ശിച്ച് മുന്‍ മന്ത്രി കെ. കെ ശൈലജ. വിസ്മയ നേരിട്ടത് കടുത്ത അവഹേളനവും പീഡനവുമാണെന്ന് കെ.കെ ശൈലജ പറഞ്ഞു. ഇത് ഒരു കുടുംബത്തില്‍ മാത്രമുണ്ടാകുന്ന സംഭവമല്ല. സ്ത്രീധന നിരോധന നിയമം ഉണ്ടായിട്ടു കൂടി ഇത്തരത്തില്‍ സംഭവിക്കുന്നതിന് പിന്നില്‍ സ്വര്‍ണത്തോടും പണത്തോടുമുള്ള ഒരു വിഭാഗത്തിന്റെ ആര്‍ത്തിയാണെന്നും കെ.കെ ശൈലജ പറഞ്ഞു.
ബുധനാഴ്ച രാവിലെയായിരുന്നു ശൈലജ ടീച്ചര്‍ വിസ്മയയുടെ നിലമേലുള്ള വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും സന്ദര്‍ശിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയക്ക് ഭര്‍ത്താവില്‍ നിന്നും പീഡനമേറ്റിരുന്നുവെന്നാണ് കുടുംബം തന്നോട് വെളിപ്പെടുത്തിയതായും ശൈലജ ടീച്ചര്‍ പ്രതികരിച്ചു.
അതേസമയം, വിസ്മയയുടെ മരണം സ്ത്രീധനം ഒരു ക്രിമിനല്‍ കുറ്റമാണെന്നും ഓരോ വ്യക്തിയും നിലപാടുകള്‍ സ്വികരിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് എന്നും ശൈലജ ടീച്ചര്‍ പ്രതികരിച്ചു. സ്ത്രീധന മുക്ത കേരളം സാധ്യമാകുന്നതിന് ഒറ്റകെട്ടായി സംസ്ഥാനത്തെ ബഹുജനങ്ങള്‍ പ്രവര്‍ത്തിക്കണം. സ്ത്രീധനം ഒരു ക്രിമിനല്‍ കുറ്റമാണെന്നും ഓരോ വ്യക്തിയും നിലപാടുകള്‍ സ്വികരിക്കേണ്ടതുണ്ടെന്നും ഈ സംഭവം ഓര്‍മിപ്പിക്കുന്നു.
അതീവ ഗൗരവത്തോടെയാണ് ഈ വിഷയം സര്‍ക്കാര്‍ കാണുന്നത്. വിഷയത്തില്‍ പഴുതുകളടച്ചുള്ള അന്വേഷണവും നടപടികളും ഉണ്ടാകും എന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയതായും ശൈലജ ടീച്ചര്‍ ചൂണ്ടിക്കാട്ടി.


