കനത്ത മഴയിലും തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു ചൂട് കുറവും ഇല്ല. സ്ഥാനാര്‍ത്ഥികള്‍ വോട്ട് ഉറപ്പിക്കാനുള്ള മത്സര ഓട്ടത്തിലാണ്.
കുഴിക്കാട്ടു മൂലപള്ളിയില് വെള്ളിയാഴ്ച വിശ്വാസികളെ കണ്ട് ഇറങ്ങുമ്പോഴാണ് അത്തറ് വില്‍ക്കുന്ന ബഷീറിക്കാനെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് കണ്ടത്. കടയുടെ സുഗന്ധം കൊണ്ട് തന്നെ സ്ഥാനാര്‍ത്ഥി ബഷീറിക്കാടെ അടുത്തേക്ക് നീങ്ങി. കടയെത്തിയതും കൂടെ ഉണ്ടായിരുന്ന ആര്യാടന് ഷൗക്കത്ത് ഒരു ഊദ് അത്തറ് വാങ്ങി ഉമക്ക് നല്കി.
അത്തറിന്റെ സുഗന്ധം ആസ്വദിച്ച് ഉമാ തോമസ് കൂടെ വോട്ടു പിടിക്കാന്‍ നിന്ന കുഞ്ഞുമക്കളായ മുഹമ്മദ് സ്വാബിറിനും, റസീമിനും, മുഹമ്മദ് അഷ്റഫിനും ഊദിന്റെ സുഗന്ധം അല്പം പുരട്ടി നല്കി. പിന്നെ അല്പ നേരം വോട്ടുപിടുത്തം മാറി അത്തറ് ചര്‍ച്ചയായി പള്ളിമുറ്റത്ത്.
അത്തറിന്റെ മണം പിടിക്കുന്നവരോടെല്ലാം ചേച്ചിക്ക് വോട്ട് ചെയ്യണേന്ന് പറയണോട്ടാ എന്ന് മൂവര്‍ സംഘത്തെ ചുമതല പ്പെടുത്തിയാണ് ഉമാ തോമസ് മടങ്ങിയത്. എംഎല്‍എമാരായ ടി സിദ്ധീക്കും, അന്‍വര്‍ സാദത്തും ആ സുഗന്ധത്തില്‍ പങ്കാളികളായി ഒപ്പമുണ്ടായിരുന്നു.


