മൂവാറ്റുപുഴ: നിര്‍മ്മാണം മുടങ്ങി കിടന്നിരുന്ന മൂവാറ്റുപുഴ കെ.എസ്.ആര്.ടി.സി കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരണത്തിന്റെ നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി ഡോ. മാത്യു കുഴനാടന് എംഎല്‍എ അറിയിച്ചു. ഇതിന്റെ ഭാഗമായി പുതിയതായി നിയോഗിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി പദ്ധതി സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന് ഡോ. മാത്യു കുഴനാടന് എംഎല്‍എ എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
പുതുക്കിയ പദ്ധതി പ്രകാരമുള്ള എസ്റ്റിമേറ്റും രൂപരേഖയും വേഗത്തില്‍ തയ്യാറാക്കാന്‍ എംഎല്‍എ ആവശ്യപ്പെട്ടു. വളരെ കാലമായി നിര്‍മ്മാണം മുടങ്ങി ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന പദ്ധതിയാണ് ഇതെന്നും വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തികരിക്കുവാന്‍ നടപടി ക്രമങ്ങള്‍ക്ക് വേഗത കൂട്ടണമെന്നും അധികൃതര്‍ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്കി.
അവലോകന യോഗത്തില്‍ എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ പ്രതിനിധികളായ ഡെപ്യുട്ടി ജനറല്‍ മാനേജര്‍ ഹരികൃഷ്ണന് കെ.പി, അസി. പ്രോജക്ട് എന്‍ജിനിയര്‍മാരായ അജിത് കുമാര്‍, സിബി വര്‍ഗീസ്, ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ ജോഹാന്‍ ജെയ്സണ്‍ ജോസഫ്, കെ.എസ്.ആര്.ടി.സി അസി ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ എന്നിവര്‍ പങ്കെടുത്തു.


