കൈ കൊണ്ട് തുന്നിയെടുത്ത നോട്ടുപുസ്തകങ്ങള്‍, കീറിയ ജീന്‍സ് കൊണ്ട് നിര്‍മ്മിച്ച കുട്ടിസഞ്ചി, കുഞ്ഞുകുഞ്ഞു പാവകള്‍… സേവനരംഗത്ത് മാത്രമല്ല, കരകൗശലരംഗത്തും തങ്ങള്‍ താരങ്ങളാണെന്ന് തെളിയിക്കുകയാണ് ജില്ലയിലെ നാഷണല്‍ സര്‍വ്വീസ് ടീമംഗങ്ങള്‍. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഒരുക്കിയിട്ടുള്ള രണ്ട് സ്റ്റാളുകളിലാണ് എന്‍എസ്എസ് ടീമംഗങ്ങളുടെ കരകൗശല വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കുഞ്ഞുപാവകള്‍ ഏറെ കൗതുകത്തോടെയാണ് രക്ഷിതാക്കള്‍ക്കൊപ്പം എത്തുന്ന കുരുന്നുകള്‍ നോക്കിക്കാണുന്നത്. പഠനത്തോടൊപ്പം സമ്പാദ്യ ശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ക്ക് കരകൗശല നിര്‍മാണ പരിശീലനം ആരംഭിച്ചത്. നാഷണല്‍ സര്‍വീസ് സ്കീമിനും കോളേജിലെ വിദ്യാഭ്യാസ വകുപ്പിനുമാണ് സ്റ്റോളുകളുടെ നടത്തിപ്പുചുമതല.
ബോട്ടില്‍ ആര്‍ട്ട്, കീറിയ ജീന്‍സ് കൊണ്ട് നിര്‍മ്മിച്ച കുട്ടിസഞ്ചി, സാധനങ്ങള്‍ വെക്കാനുതങ്ങുന്ന സ്റ്റാന്റ്, നോട്ടുപുസ്തകം എന്നിങ്ങനെ കൗതുകമേറുന്ന വസ്തുക്കളായാണ് ക്രൈസ്റ്റ് കോളേജ് മേളയിലെത്തിയത്. പാവകളുമായി ഐ എ എസ് ഇ കോളേജും തുണി സഞ്ചിയുമായി സെന്റ് അലോഷ്യസ് കോളേജും കൂടെയുണ്ട്. വിദ്യാര്‍ത്ഥികളുടെ മികവുറ്റ പ്രവര്‍ത്തനം വളരെ സന്തോഷം തരുന്നുവെന്ന് എന്‍ എസ് എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ബിനു ടി.വി, സെന്റ് തോമസ് കോളേജ് എന്‍ എസ് എസ് പി ഒ രഞ്ജിത്ത് വര്‍ഗ്ഗീസ് എന്നിവര്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഒരു വര്‍ഷത്തെ പ്രധാന നേട്ടങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോകളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ എല്ലാ കോളേജുകളിലും എന്‍ എസ് എസ് അംഗങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സ്റ്റോളിന് ചുറ്റും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ ലൈഫ് മിഷനുമായി സഹകരിച്ച് അഭയം എന്ന പദ്ധതി പ്രകാരം 20 വീടുകള്‍ നിര്‍മ്മിച്ച് നല്കിയതും പ്രളയകാലത്ത് എന്‍ എസ് എസ് അംഗങ്ങള്‍ നടത്തിയ മികവുറ്റ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയും ഇവിടെ ശ്രദ്ധേയമാണ്. മേളയില്‍ എല്ലാ ദിവസവും എന്‍ എസ് എസ് വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ കലാപരിപാടികളും അരങ്ങേറുന്നുണ്ട്.


