വഞ്ചിയൂര്‍: കഴക്കൂട്ടം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്റെ പ്രചരണത്തിനായി സ്ഥാപിച്ച ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുന്നു. കാര്യവട്ടം കുറ്റിച്ചല്‍ പെരുന്തറയില് സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ വെള്ളിയാഴ്ച രാത്രി വ്യാപകമായി കരിഓയില്‍ ഒഴിച്ച് നശിപ്പിക്കുകയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരായ പിആര്‍ അനൂപ്, ഷിജു കൃഷ്ണന് എന്നിവരാണ് പോസ്റ്ററുകള്‍ വലിച്ചു കീറി, ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു.
നഗരസഭ തെരഞ്ഞെടുപ്പ് സമയത്ത് കാര്യവട്ടം ക്ഷേത്രത്തിന് എതിര്‍വശത്തുള്ള കട അടിച്ചു തകര്‍ത്ത കേസിലെ പ്രതികളാണിവര്‍. എല്‍ഡിഎഫ് ശ്രീകാര്യം മേഖലാ കമ്മിറ്റി ശ്രീകാര്യം പോലീസില്‍ പരാതി നല്കി. പൗഡിക്കോണം, കേരളാദിത്യപുരം ജയ്പുരത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഒട്ടിച്ചിരുന്ന കടകംപള്ളി സുരേന്ദ്രന്റെ പോസ്റ്റര്‍ വലിച്ചുകീറി അതിനു മുകളില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ ഒട്ടിച്ചു. ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു. വട്ടവിളയിലും ഇതിനു സമാന സംഭവമുണ്ടായി.

പൗഡിക്കോണം മേഖലാ കമ്മിറ്റി മണ്ണന്തല പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോസ്റ്ററുകള്‍ തിരിച്ച് ഒട്ടിക്കാനുള്ള സൗകര്യമൊരുക്കാമെന്നു ബിജെപിക്കാര്‍ സമ്മതിക്കുകയായിരുന്നു. പൊങ്ങുമ്മൂട് ബാബുജിനഗറിലും സമാന സംഭവങ്ങളുണ്ട്. ബാബുജിനഗര്‍ ദുര്ഗ്ഗാലയിന്, മടത്തുനട പ്രദേശങ്ങളില്‍ ഒട്ടിക്കുന്ന പോസ്റ്ററുകളും ബാനറുകളും ഫ്ലക്സുകളും രാത്രിയുടെ മറവില്‍ പ്രദേശത്തെ ആര്‍എസ്എസ് ക്രിമിനലുകള്‍ വ്യാപകമായി നശിപ്പിച്ചു കളയുന്നുവെന്നാണ് പരാതി. നാട്ടിലെ സൈ്വരജീവിതം തകര്‍ക്കാനുള്ള ബിജെപി ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കുന്നതെന്ന് എല്‍ഡിഎഫ് കഴക്കൂട്ടം മണ്ഡലം സെക്രട്ടറി സി ലെനിന് പറഞ്ഞു.
ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പായതിനാലാണ് ഇവര്‍ സംഘര്‍ഷം സൃഷിക്കുന്നതെന്നും, കടകംപള്ളി സുരേന്ദ്രനെ വിജയിപ്പിക്കാന്‍ സമചിത്തതയോടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവ സ്ഥലങ്ങള്‍ സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന് സന്ദര്‍ശിച്ചു. മണ്ഡലം സെക്രട്ടറി സി ലെനിന്, സിപിഐഎം കഴക്കൂട്ടം ഏരിയാ സെക്രട്ടറി ശ്രീകാര്യം അനില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.


