പാലാ നഗരസഭാ ചെയര്മാന് തിരഞ്ഞെടുപ്പിന് പിന്നാലെ പരസ്യ പ്രസ്താവനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സിപിഐഎം. പ്രതികരണങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം, പാര്‍ട്ടി തീരുമാനത്തിനെതിരെ പ്രതികരണം നടത്തിയ ബിനു പുളിക്കകണ്ടത്തിനെതിരെ തത്കാലം നടപടി വേണ്ടന്ന നിലപാടിലാണ് സിപിഐഎം നേതൃത്വം. എന്നാല്‍ ബിനുവിന്റെ പ്രസ്താവനകള്‍ വ്യക്തഹത്യപരമാണ് എന്ന് ചൂണ്ടിക്കാട്ടി കേരളാ കോണ്‍ഗ്രസ് എം, മുന്നണിയില്‍ പ്രതിഷേധം അറിയിക്കും.
ജോസ് കെ മാണിയുടെ പേര് പരാമര്‍ശിക്കാതെ ചതിയുടെ കറുത്ത ദിനമാണ് ഇന്നെന്ന് ബിനു പുളിക്കകണ്ടം മാധ്യമങ്ങളോട് പ്രതികരിച്ചു.
തന്നോട് ചെയ്ത ചതിക്ക് സിപിഐഎം കൂട്ടുനില്‍ക്കരുതായിരുന്നു. അണികളുടെ ഹൃദയം നുറുങ്ങിയ ദിവസമാണ് ഇന്ന്. ഈ രാഷ്ട്രീയ നെറികേടുകളില്‍ താന്‍ തളരില്ല. തനിക്ക് പ്രതിഷേധമില്ലെന്നും ബിനു പറഞ്ഞു.
കേരള കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്നാണ് ബിനു പുളിക്കകണ്ടത്തെ ഒഴിവാക്കിയത്. നേതൃത്വത്തിന്റെ തീരുമാനത്തില്‍ സിപിഐഎം പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.


