പെരുമ്പാവൂര്‍, ആലുവ നിയോജക മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വല്ലം കടവ് – പാറപ്പുറം പാലം നിര്‍മാണം പൂര്‍ത്തിയായതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. പാലത്തിലെ അവസാന സ്ലാബിന്റെ കോണ്‍ക്രീറ്റ് ഇന്നലെ പൂര്‍ത്തിയാക്കി. പെരുമ്പാവൂര്‍ മണ്ഡലത്തിലെ വല്ലത്തെയും ആലുവ മണ്ഡലത്തിലെ കാഞ്ഞൂര്‍ പഞ്ചായത്തിലെ പാറക്കടവ് പ്രദേശത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ പാലം.
ഇരു കരകളിലും അപ്രോച്ച് റോഡിന്റെ നിര്‍മാണം ബാക്കിയുണ്ട്. അവിടെ പരിസര വാസികളുടെ പരാതി നിലനില്‍ക്കുന്നതിനാല്‍ അത് പരിഹരിച്ച ശേഷം മാത്രമേ റോഡ് നിര്‍മ്മാണം ആരംഭിക്കുകയുള്ളൂ എന്ന് എംഎല്‍എ പറഞ്ഞു.
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എന്നിവര്‍ ശ്രമഫലമായി 2016 ലാണ് പാലം നിര്‍മാണത്തിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചത്. രണ്ട് വര്‍ഷമായി പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു കിടക്കുകയാണ്. ഇതേ തുടര്‍ന്ന് പഴയ കരാറുകാരനെ ഒഴിവാക്കി ബാക്കിയുള്ള നിര്‍മ്മാണത്തിന് പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കുകയായിരുന്നു.
കാലടി പാലത്തിനു സമാന്തരമായി ഉപയോഗിക്കാവുന്ന പാലമാണിത്. 22.22 കോടി രൂപയുടെ പദ്ധതിയാണ് ആദ്യം തയ്യാറാക്കിയത്. ഇതില്‍ 12.89 കോടി രൂപയുടെ പ്രവൃത്തി പൂര്‍ത്തിയായപ്പോഴാണ് നിര്‍മാണം നിലച്ചത്. 288 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. 3.25 മീറ്റര്‍ വീതിയില്‍ ഇരുവശത്തും നടപ്പാത ഉള്‍പ്പെടെ 14 മീറ്റര്‍ വീതിയിലാണ് പാലത്തിന്റെ നിര്‍മ്മാണം.
പാലം പൂര്‍ത്തിയാകുന്നതോട് കൂടി കൊച്ചി രാജ്യാന്തര വിമാനത്താവളം, തിരുവൈരാണിക്കുളം ക്ഷേത്രം, കാഞ്ഞൂര്‍ ഫൊറോന പള്ളി എന്നിവിടങ്ങളിലേക്കു ഗതാഗതക്കുരുക്കില്‍പെടാതെ എത്താനാകും. കിഴക്കന്‍ ജില്ലകളില്‍ നിന്നെത്തുന്നവര്‍ക്ക് 8 കിലോമീറ്റര്‍ പാലം നിര്‍മ്മാണം മൂലം ലാഭിക്കാം. പാറപ്പുറം, വെള്ളാരപ്പിള്ളി, കാഞ്ഞൂര്‍, തുറവുംകര, പുതിയേടം പ്രദേശങ്ങളിലുള്ളവര്‍ക്ക് പെരുമ്പാവൂര്‍ നഗരത്തിലേക്ക് എളുപ്പത്തില്‍ എത്തി ചേരാനാകും.


