സ്വര്‍ണ്ണക്കടത്ത് കേസിലെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് ആഗസ്റ്റ് 23 ന് തിരുവനന്തപുരം പാര്‍ട്ടി സംസ്ഥാന ഓഫീസില്‍ ഉപവസിക്കും. ആഗസ്റ്റ് മുതല്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ നടത്തിവരുന്ന റിലേ ഉപവാസ സമരങ്ങളുടെ അവസാനത്തേതാണ് സംസ്ഥാന അദ്ധ്യക്ഷന്റെ ഉപവാസം. തുടര്‍ന്നുള്ള സമരപരിപാടികള്‍ ആഗസ്റ്റ് 24 ന് തിരുവനന്തപുരത്ത് ചേരുന്ന കോര്‍ കമ്മിറ്റി യോഗം രൂപം നല്‍കും.
നിയമസഭാ സമ്മേളിക്കുന്ന ഓഗസ്റ്റ് 24 ന് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഒ. രാജഗോപാല്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ ബി.ജെ.പി നേതാക്കള്‍ നിയമസഭാ മന്ദിരത്തിനു മുന്നില്‍ ധര്‍ണ്ണ നടത്തും.
ഒരു മന്ത്രി തന്നെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നു എന്ന് പറയുന്ന സാഹചര്യത്തില്‍, പൊതുജനങ്ങള്‍ എത്രമാത്രം ദുര്‍ഗന്ധം അനുഭവിക്കുന്നതെന്ന് വ്യക്തമാണ്. മുഖ്യമന്ത്രി ശിവശങ്കറിന്റെ ആരാധകനാണെന്ന കാര്യം അദ്ദേഹത്തിന്റെ പ്രതിദിനമുള്ള പത്രസമ്മേളനത്തില്‍ ജനങ്ങള്‍ക്ക് മനസ്സിലായതാണ്. സ്വര്‍ണ്ണ കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് ‘നാക്കിന് കരുത്തുണ്ടെന്ന് കരുതി എന്റെ ഓഫീസിനെതിരെ എന്തും പറയാം എന്ന് കരുതരുത്’ എന്നാണ്.
സ്പ്രിംഗളര്‍ അഴിമതി കേസ് വന്നപ്പോള്‍ ശിവശങ്കറിനെപ്പറ്റി പറഞ്ഞത് സത്യസന്ധനായ ഉദ്യോഗസ്ഥനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാണ്. മറ്റൊരു മന്ത്രി പറഞ്ഞത് ജാഗ്രത കുറവുണ്ടായിട്ടുണ്ട് എന്നാണ്. മുഖ്യമന്ത്രിക്ക് ജാഗ്രത കുറവുണ്ടായി എന്നൊരു മന്ത്രി പറഞ്ഞാല്‍ ഒന്നുകില്‍ മുഖ്യമന്ത്രി സ്ഥാനമൊഴിയണം അല്ലെങ്കില്‍ ആ മന്ത്രിയെ പുറത്താക്കണം. സ്വന്തം പാര്‍ട്ടിയിലെ മന്ത്രിമാര്‍ക്ക് തന്നെ മുഖ്യമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജി വെക്കണമെന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്.


