മൂവാറ്റുപുഴ: ന്യൂകോളേജ് ബുക്ക് സ്റ്റോള്‍ ഉടമയായിരുന്ന തങ്കപ്പന് നായരെ അനുസ്മരിച്ച് മൂവാറ്റുപുഴയില്‍ അക്ഷരക്കൂട്ടായ്മ. മോഹന്‍ദാസ് സൂര്യനാരായണന്റെ ‘മൂവാറ്റുപുഴയുടെ നഗരപുരാവൃത്തങ്ങളുടെ’ നൂറ്റിയൊന്നാം പ്രതി കൈമാറിയാണ് തങ്കപ്പന്‍നായരുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ അക്ഷരക്കൂട്ടായ്മ സംഘടിപ്പിച്ചത്. തങ്കപ്പന് നായരുടെ മകന് ദേവദാസ് ടി.നായര്‍ക്ക് മുനിസിപ്പല്‍ ചെയര്മാന് പി.പി.എല്‍ദോസ് പുസ്തകം കൈമാറി യോഗം ഉദ്ഘാടനം ചെയ്തു.
മൂവാറ്റുപുഴയുടെ നഗരപുരാവൃത്തങ്ങള്‍ പോലൊരു ചരിത്ര പുസ്തകം നൂറു കോപ്പിയിലേറെ വിറ്റഴിക്കാന്‍ വഴിയൊരുക്കും വിധം മൂവാറ്റുപുഴയുടെ അക്ഷരപ്പുരയായി ന്യൂകോളേജിനെ വളര്‍ത്തിയത് തങ്കപ്പന് നായരാണെന്ന് പി.പി. എല്‍ദോസ് പറഞ്ഞു. ഒരു ദേശത്തിന് അക്ഷര ഗന്ധം ഉണ്ടാക്കാന്‍ ആ നാട്ടിലെ ഒരു പുസ്തശാലക്ക് കഴിയും എന്നതിന്റെ തെളിവാണ് മൂവാറ്റുപുഴയുടെ നഗര പുരാവൃത്തങ്ങള്‍ എന്ന പുസ്തകവും ന്യൂകോളേജുമെന്ന് മുഖ്യാതിഥിയായിരുന്ന കവിയും തോര്‍ച്ച സമാന്തര മാസികയുടെ പത്രാധിപരുമായ ബിജോയ് ചന്ദ്രന് പറഞ്ഞു.
ഏത് പ്രമുഖ പട്ടണങ്ങളിലും ഉള്ളതു പോലെ മൂവാറ്റുപുഴയിലെ അക്ഷര സ്നേഹികളുടെ താവളമാണ് ന്യൂ കോളേജ് ബുക്ക് സ്റ്റാള്‍. പുസ്തക വില്‍പ്പന കേന്ദ്രങ്ങള്‍ എന്നതിലുപരി സാംസ്ക്കാരിക വിനിമയ കേന്ദ്രങ്ങളാണ് ഇത്തരം ശാലകള്‍. ഒരേ കേന്ദ്രത്തില്‍ നിന്നും ഒരു പുസ്തകത്തിന്റെ നൂറ് പ്രതികള്‍ വില്‍ക്കുകയെന്നത് പുസ്തകത്തിന്റെ സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നതെന്നും ബിജോയ് പറഞ്ഞു.
എല്ലാ പത്രങ്ങളുടേയും മാസികകളുടേയും മാതൃഭൂമിയുടേതടക്കം നിരവധി പുസ്തകങ്ങളുടേയും മൂവാറ്റുപുഴയിലെ പ്രധാന വില്‍പ്പന കേന്ദ്രമാണ് ന്യൂകോളേജ്. യോഗത്തില്‍ ദേവദാസ് അധ്യക്ഷനായി. മോഹന്‍ദാസ് സൂര്യനാരായണന്, സുരേഷ് എസ്പ്രസ്, ജിനീഷ്ലാല്‍ രാജ്, അസീസ് കുന്നപ്പിള്ളി, അഡ്വ.ഒ.വി.അനീഷ്, സൂര്‍ജിത് എസ്തോസ്, പി.എം.ഏലിയാസ്, മനോജ് കെ.വി., മൃദുല്‍ ജോര്‍ജ്ജ്, ഗിരീഷ് മേനോന് തുടങ്ങിയവര്‍ സംസാരിച്ചു.

