തൃശൂര്‍ മെഡിക്കല്‍ കോളേജ് കാമ്പസിലെ ഇന്ത്യന്‍ കോഫീ ഹൗസിന്റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. ഭക്ഷ്യ സുരക്ഷാ വകുപ്പാണ് ഇന്ത്യന്‍ കോഫി ഹൗസിന്റെ ലൈസന്‍സ് താത്കാലികമായി സസ്പെന്‍ഡ് ചെയ്തത്. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് നടപടി.
വൃത്തിഹീനമായിട്ടും ഇന്ത്യന്‍ കോഫീ ഹൗസിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കിയ 2 ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി. അസി.ഭക്ഷ്യ സുരക്ഷാ കമ്മീഷണറെയും വടക്കാഞ്ചേരി ഫുഡ് സേഫ്റ്റി ഓഫീസറെയുമാണ് സ്ഥലം മാറ്റിയത്.
ഇന്ത്യന്‍ കോഫീ ഹൗസിനെ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉന്നതതല സംഘം നടത്തിയ പരിശോധനയില്‍ വളരെ വൃത്തിഹീനമായാണ് ഇന്ത്യന്‍ കോഫീ ഹൗസ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി.
തുടര്‍ച്ചയായി പരാതി ലഭിച്ചിട്ടും ഇന്ത്യന്‍ കോഫീ ഹൗസിനെതിരെ നടപടിയെടുത്തിരുന്നില്ല. ഈ ഇന്ത്യന്‍ കോഫി ഹൗസ് യൂണിറ്റിന് തദ്ദേശ സ്ഥാപനത്തിന്റെ ലൈസന്‍സും ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് സ്ഥാപനത്തിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.


