കോഴിക്കോട്: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ പത്രികാ സമര്‍പ്പണം തുടങ്ങിയതോടെ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ തെളിഞ്ഞു. പുതുമുഖങ്ങളെ അണിനിരത്തിയും യുവത്വത്തെ കളത്തിലിറക്കിയും വിജയം കൊയ്യാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍. ഇതിനിടയില്‍ വ്യത്യസ്ത കൊണ്ട് ചില സ്ഥാനാര്‍ത്ഥികള്‍ ജനകീയമാകുകയാണ്. അത്തരത്തിലൊരു സ്ഥാനാര്‍ത്ഥിയാണ് കോഴിക്കോട് നഗരസഭ 25-ാം വാര്‍ഡായ കോട്ടൂളിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഡോ.എസ്. ജയശ്രീ.
തെരഞ്ഞെടുപ്പില്‍ പ്രാദേശിക വികസന രാഷ്ട്രീയ ചര്‍ച്ചക്കിടയില്‍ സംസ്ഥാനത്തിന് മാതൃകയായി ശ്രദ്ധനേടുന്ന സ്ഥാനാര്‍ത്ഥിയായി മാറിയിരിക്കുകയാണ് കോഴിക്കോട് മീഞ്ചന്ത ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പലായിരുന്ന ഡോ.എസ്. ജയശ്രീ. മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരു പ്രദേശം മുഴുവന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ജയശ്രീക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചിരിക്കയാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടി വയ്ക്കാനുള്ള തുക സംഘടനകള്‍ നല്‍കുന്നത് പതിവാണ്. അത്തരം വാര്‍ത്തകള്‍ നമ്മള് കേട്ടിട്ടുമുണ്ട്. എന്നാല്‍ ജയശ്രീക്ക് പിന്തുണയുമായി കെട്ടി വയ്ക്കാനുള്ള തുക നല്‍കിയിരിക്കുന്നത് പ്രദേശത്തെ റസി. അസോസിയേഷന് തന്നെയാണ്.
ജയശ്രീ ഉള്‍പ്പെടുന്ന ഹരിതനഗര്‍ പ്രദേശത്തെ അലോട്ടീസ് അസോസിയേഷനാണ് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചത്. മുന്നൂറിലേറെ പേര് താമസിക്കുന്ന ഈ പ്രദേശത്തെ താമസക്കാരാണ് സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞടുപ്പിന് കെട്ടിവെയ്ക്കാനുള്ള തുകയും നല്‍കിയത്. തിങ്കളാഴ്ച കോഴിക്കോട് ഫിഷറീസ് ഡയറക്ടര്‍ ഓഫീസില്‍ ജയശ്രീ പത്രിക നല്കി.
വാര്‍ഡിലെ മുഴുവന്‍ റസി. അസോസിയേഷനും പ്രാദേശിക വികസന പ്രവര്‍ത്തനത്തില്‍ ഒറ്റകെട്ടാണന്ന പ്രത്യേകതയും കോട്ടൂളി വാര്‍ഡിനുണ്ട്. വികസനത്തിന്റെ തുടര്‍ച്ചയാണ് വാര്‍ഡ് ലക്ഷ്യമിടുന്നത്. നഗരസഭ മാലിന്യ നിര്‍മാര്‍ജനത്തിന് റസി. അസോസിയേഷനിലെ മുഴുവന്‍ വീടുകളും ഹരിതകര്‍മ്മ സേനയ്ക്ക് മുന്‍കൂര്‍ പണം നല്കി മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനത്തിന് നിറവ് വേങ്ങേരിയുടെ സഹകരണത്തോടെ മാതൃകയായ സംസ്ഥാനത്തെ ആദ്യ റസി. അസോസിയേഷനും ഹരിതനഗര്‍ ആണ്.
ജയശ്രി ടീച്ചറുടെ സ്ഥാനാര്‍ത്ഥിത്വം നാട്ടുകാര്‍ക്കിടയിലും ചര്‍ച്ചയായി. നഗരസഭയുടെ പുതിയ ഭരണ നേതൃത്വത്തിലേയ്ക്ക് മത്സരിക്കാന്‍ പുതുമുഖങ്ങളെ കണ്ടെത്തിയ എല്‍ഡിഎഫ് നേതൃത്വത്തിനും പ്രതീക്ഷയുള്ള സ്ഥാനാര്‍ത്ഥിയാണ് ഡോ.എസ്. ജയശ്രി.
കോഴിക്കോട് മീഞ്ചന്ത ഗവ.ആട്സ് ആന്‍ഡ് സയന്‍സ് കോളെജ് പ്രിന്‍സിപ്പലായി ഈ വര്‍ഷം വിരമിച്ച ഡോ.എസ്. ജയശ്രീ കലിക്കറ്റ് സര്‍വ്വകലാശാല പി.ജി.ബോര്‍ഡ് അംഗം, യു.ജി.ബോര്‍ഡ് ചെയര്‍പെഴ്സണ്‍, ഡെ: ഡയറക്ടര്‍ എജ്യുക്കേഷന്‍ ഇന്‍-ചാര്‍ജ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2004-ല്‍ രസതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടി.
രാഷ്ട്രീയ വ്യത്യാസമില്ലാതെ വര്‍ഷങ്ങളായി ഒരു കുടുംബമായി താമസിക്കുന്ന മുന്നൂറിലേറെ പേരുള്ള ഹരിതനഗര്‍ കോളനിയിലെ ഒരു കുടുംബാഗത്തിന് ലഭിച്ച സ്ഥാനാര്‍സ്ഥിത്വം ഒരു ദൗത്യമായാണ് അസോസിയേഷന് സന്തോഷത്തോടെ കാണുന്നതെന്ന് ഹരിത നഗര്‍ റസി. അലോട്ടീസ് അസോസിയേഷന് സെക്രട്ടറി ടി.കെ. പ്രകാശന് പറഞ്ഞു.