ഇടക്കൊച്ചി സ്വദേശി അന്‍സിലയ്ക്ക് ലൈഫ് പിഎംഎവൈ പദ്ധതി പ്രകാരമാണ് വീട് ലഭിച്ചത്. പദ്ധതിയുടെ മൂന്ന് ഗഡു തുക ലഭിക്കുകയും ചെയ്തു, നാലാം ഗഡു ലഭിക്കണമെങ്കില്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പക്ഷേ, പെര്‍മിറ്റ് എടുത്ത പ്രകാരമായിരുന്നില്ല വീട് പൂര്‍ത്തിയാക്കിയത്. വശങ്ങളിലും മുന്‍പിലും പിന്നിലും ആവശ്യത്തിനു സെറ്റ് ബാക്ക് ഉണ്ടായിരുന്നില്ല. ഇതോടെ കംപ്ലിഷന്‍ സര്‍ട്ടിഫിക്കറ്റും അതുവഴി നാലാം ഗഡുവും ലഭിച്ചില്ല. വീട് പൂര്‍ത്തിയാക്കാന്‍ ബാങ്ക് വായ്പയെ ആശ്രയിക്കേണ്ടിവന്നു. ഈ കാലയളവിലാണ് ഭര്‍ത്താവിന്റെ മരണവും ഉണ്ടാകുന്നത്. അന്‍സിലയുടെ താല്‍ക്കാലിക ജോലിയെ ആശ്രയിച്ചാണ് രണ്ട് മക്കളുള്ള കുടുംബം കഴിയുന്നത്. വീടിന് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റും നമ്പറും കിട്ടാത്തതിനാല്‍, മാതാപിതാക്കളോടൊപ്പം വാടകവീട്ടിലാണ് കഴിയുന്നത്. ആറ് വര്‍ഷമായുള്ള ഈ പ്രശ്നത്തിനാണ് ഇന്ന് പരിഹാരം കണ്ടിരിക്കുന്നത്.
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിഎം ബി രാജേഷ് വിവരങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം അന്‍സിലയ്ക്ക് വേണ്ടി മാത്രം ജില്ല ജോയിന്റ് ഡയറക്ടര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍, കോര്പ്പറേഷന് സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവര്‍ അംഗങ്ങളായ അനധികൃത നിര്‍മ്മാണം ക്രമവത്കരിക്കുന്നതിനുള്ള ജില്ലാ സമിതി, അദാലത്ത് വേദിയില്‍ യോഗം ചേര്‍ന്നു. 2024 ലെ കെട്ടിട നിര്‍മ്മാണ ക്രമവത്കരണ ചട്ട പ്രകാരം ക്രമവത്കരണ ഫീസ് ആയ 3000 രൂപ അടച്ച് നിബന്ധനകളോടെ അന്‍സിലയ്ക്ക് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്കാന് തീരുമാനിച്ചു. 3 സെന്റിന് താഴെയുള്ള സ്ഥലത്ത് നടത്തിയ ലൈഫ്-പിഎംഎവൈ ഭവനം ആയതിനാലാണ് ഇത്രയും ഇളവുകള്‍ ലഭിച്ചത്. ഇതിന് പിന്നാലെ കൊച്ചി മേയറും ഡെപ്യൂട്ടി മേയറും ക്രമവത്കരണ ഫീസായ 3000 രൂപ പൂര്‍ണമായി ഇളവ് നല്‍കുമെന്ന് മന്ത്രിയെ അറിയിക്കുകയായിരുന്നു. അദാലത്ത് വേദിയിലാണ് ഇതെല്ലാം സംഭവിച്ചത്.
നിറകണ്ണുകളോടെയാണ് അന്‍സിലയും മക്കളും പരാതി പരിഹരിച്ച സര്‍ട്ടിഫിക്കറ്റ് മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയത്. ആറു വര്‍ഷമായി പരിഹാരമില്ലാതെ തുടര്‍ന്ന ഒരു ആവശ്യത്തിനാണ് തദ്ദേശ അദാലത്തില്‍ തത്സമയം പരിഹാരമായത്. വീടിന്റെ നിര്‍മ്മാണം നിയമാനുസൃതമായതിന്റെ ആശ്വാസത്തിലും, ആറുവര്‍ഷത്തെ അലച്ചിലിന് പരിഹാരമായതിന്റെ സന്തോഷത്തിലുമാണ് അന്‍സില തദ്ദേശ അദാലത്ത് വേദിയില്‍ നിന്ന് മടങ്ങിയത്.
ആറ് വര്‍ഷം മുമ്പ് കൊച്ചിന് കോര്പ്പറേഷന് പതിനൊന്നാം വാര്‍ഡിലെ ഒന്നര സെന്റ് സ്ഥലത്ത് ലൈഫ്- പി എം എ വൈ പദ്ധതി പ്രകാരമാണ് വീട് നിര്‍മ്മിച്ചത്. നേവല്‍ ബേസിലെ താല്‍ക്കാലിക ജോലിക്കാരിയായ അന്‍സിലയുടെ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. വീട് നമ്പറും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകാത്ത സാഹചര്യത്തില്‍ വീട് പണി പൂര്‍ത്തിയായെങ്കിലും താമസം തുടങ്ങാന്‍ കഴിയാതെ പ്രതിസന്ധിയിലായിരുന്നു കുടുംബം. നിലവില്‍ മാതാപിതാക്കളോടൊപ്പം വാടക വീട്ടിലാണ് അന്‍സിലയും കുട്ടികളും കഴിഞ്ഞു വരുന്നത്. ഇനി കുട്ടികളോടൊപ്പം സ്വന്തം വീട്ടില്‍ താമസിക്കാം എന്ന ആശ്വാസത്തിലാണ് അന്‍സില.