സി.പി.ഐ.എം. കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ വീണ്ടും പാര്‍ട്ടി അന്വേഷണം. കൊവിഡ് കാലത്ത് സൗജന്യ കട നടത്താന്‍ പണം പിരിച്ചെന്ന പരാതിയിലാണ് പാര്‍ട്ടി അന്വേഷണം. കളമശ്ശേരി ഏരിയ കമ്മിറ്റി അംഗങ്ങള്‍, സെക്രട്ടറി എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുക.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നേരത്തെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് വി.എ. സക്കീര്‍ ഹുസൈനെ പാര്‍ട്ടി നീക്കം ചെയ്തിരുന്നു. വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഇദ്ദേഹം മുന്‍പ് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു.
പിന്നീട് വീണ്ടും അദ്ദേഹം ഈ സ്ഥാനത്ത് എത്തിയിരുന്നു. അതിന് ശേഷമാണ് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വീണ്ടും ഔദ്യോഗിക ചുമതലകളില്‍ നിന്ന് വി.എ. സക്കീര്‍ ഹുസൈനെ പാര്‍ട്ടി നീക്കം ചെയ്തത്.
സി.പി.ഐ.എം. നേതാവും അയ്യനാട് സഹകരണ ബാങ്കിലെ ബോര്‍ഡംഗവുമായ സിയാദ് ആത്മഹത്യ ചെയ്ത സംഭവത്തിലും സക്കീര്‍ ഹുസൈനു പങ്കുണ്ടായിരുന്നു. തന്റെ ആത്മഹത്യക്ക് കാരണം സിപിഐഎം കളമശേരി ഏരിയാ സെക്രട്ടറിയും മറ്റ് രണ്ട് പ്രാദേശിക നേതാക്കളുമാണെന്ന് ആത്മഹത്യാ കുറിപ്പില്‍ സിയാദ് എഴുതിയിരുന്നു.


