കോണ്‍ഗ്രസ് നേതാവ് എവി ഗോപിനാഥിനെ അനുനയിപ്പിച്ച് ഉമ്മന്‍ചാണ്ടി. അര്‍ധ രാത്രിയിലാണ് ഉമ്മന്‍ചാണ്ടി പെരിങ്ങോട്ടുകുര്‍ശ്ശിയിലെ ഗോപിനാഥിന്റെ വീട്ടിലെത്തിയത്. ഉമ്മന്‍ ചാണ്ടിയുമായുള്ള ചര്‍ച്ചയില്‍ തൃപ്തനാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകുമെന്നും എവി ഗോപിനാഥ് പറഞ്ഞു.
ഇന്നലെ രാത്രി 12 മണിക്കാണ് ഉമ്മന്‍ചാണ്ടി പെരുങ്ങോട്ടു കുറുശിയിലെ എവി ഗോപിനാഥിന്റെ വീട്ടിലെത്തിയത്. പുതുപ്പള്ളിയിലെ ഇന്നലത്തെ തെരത്തെടുപ്പ് പരിപാടികള്‍ കഴിഞ്ഞാണ് ഉമ്മന്‍ചാണ്ടി പാലക്കാട് വന്നത്. വെറും 15 മിനുട്ട് നേരത്തെ ചര്‍ച്ചയില്‍ എല്ലാം ശരിയായി. പ്രാദേശികമായി ജനപിന്തുണയുള്ള ഗോപിനാഥ് ഇടഞ്ഞു നിന്നാല്‍ തെരത്തെടുപ്പില്‍ തിരിച്ചടിയാകുമെന്ന് അറിയുന്നതിനാലാണ് ഉമ്മന്‍ചാണ്ടി ചര്‍ച്ചക്കായി എത്തിയത്.

രണ്ടാഴ്ചയായി കെപിസിസിക്ക് തന്നെ തലവേദനയായി മാറിയിരുന്ന എവി ഗോപിനാഥ് കലാപക്കൊടി താഴ്ത്തി. ഉമ്മന്‍ചാണ്ടി നല്കിയ ഉറപ്പില്‍ മഞ്ഞുരുകി. ഉമ്മന്‍ചാണ്ടി എത്തുന്നതിന് മുന്‍പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഗോപിനാഥിനെ ഫോണില്‍ വിളിച്ചിരുന്നു. അതിനാല്‍ കോണ്‍ഗ്രസില്‍ തന്നെ തുടരും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്ന് എവി ഗോപിനാഥ് പറഞ്ഞു. സംഘടനാ തലത്തില്‍ ഉന്നത പദവികള്‍ നല്‍കാമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പ് കൊടുത്തതായാണ് സൂചന.


