പാലായില്‍ ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്. നഗരസഭ രൂപീകരിച്ചശേഷം എല്‍ഡിഎഫ് ഭരണം പിടിക്കുന്നത് ഇതാദ്യമായാണ്. ജോസ് കെ മാണിക്ക് വന്‍ മുന്നേറ്റമാണ് പാലയിലുണ്ടായത്. 14 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ കേരളാ കോണ്‍ഗ്രസുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ശ്രദ്ധേയമാണ്. ഇടതുമുന്നണിയുടെ ഭാഗമായതോടെ കോട്ടയം ജില്ല തങ്ങളുടെ ശക്തി കേന്ദ്രമാണെന്ന് തെളിയിക്കേണ്ടത് ജോസ് കെ. മാണി വിഭാഗത്തിന്റെ ആവശ്യമായിരുന്നു. അതില്‍ വിജയം കണ്ടു എന്നുവേണം പറയാന്‍.
കോട്ടയത്ത് ജോസ് പക്ഷത്തിന്റെ വിടവ് നികത്താന്‍ യുഡിഎഫും, ജോസ് പക്ഷത്തിനൊപ്പം ചേര്‍ന്ന് ജില്ലാ പഞ്ചായത്തുള്‍പ്പെടെ പിടിക്കാന്‍ എല്‍ഡിഎഫും കഠിന ശ്രമത്തിലായിരുന്നു. യുഡിഎഫ് കോട്ടയായ കോട്ടയം ജില്ലയില്‍ ചെങ്കൊടി പാറിക്കാനുള്ള രാഷ്ട്രീയ കരുനീക്കങ്ങളാണ് സിപിഐഎം നടത്തിയത്. ജോസ് കെ. മാണിയെ മുന്‍ നിര്‍ത്തി പട നയിക്കുക വഴി കെ.എം. മാണിയെന്ന വികാരം കൂടി വോട്ടാക്കുകയായിരുന്നു ഇടത് ലക്ഷ്യം. അവസാന നിമിഷത്തില്‍ രണ്ടില ചിഹ്നം ലഭിച്ചത് കരുത്താകുമെന്ന പ്രതീക്ഷയും ജോസി കെ മാണിക്കുണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെല്ലാം ഫലം കണ്ടുവെന്നുവേണം വിലയിരുത്താന്‍.


