സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു. ഇടുക്കി കാഞ്ഞാറില്‍ ഒഴുക്കില്‍ പെട്ട കാറിനരികെ നിന്ന് ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മഴക്കെടുതിയില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ മരണമാണിത്.
രാവിലെയാണ് ഈ കാര്‍ ഒഴുക്കില്‍ പെടുന്നത്. പിന്നീട് പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തെരച്ചില്‍ നടത്തി. കാറില്‍ രണ്ട് പേര് ഉണ്ടായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹമാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്. കാറിലുണ്ടായിരുന്ന രണ്ടാമത്തെ ആള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കനത്ത മഴയും കുത്തൊഴുക്കും തെരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
അതേസമയം, കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴ് പേരെ കാണാതായി. 3 വീടുകള്‍ ഒലിച്ചുപോയി. പുലര്‍ച്ചെ മുതല്‍ പെയ്യുന്ന ശക്തമായ മഴയെത്തുടര്‍ന്നാണ് ഉരുള്‍പൊട്ടലുണ്ടായത്. പൂഞ്ഞാര്‍ തെക്കേക്കരയിലും മുണ്ടക്കയത്തുമൊക്കെ ഉരുള്‍പൊട്ടല്‍ ഉണ്ടായെങ്കിലും അത് തീവ്രത കുറഞ്ഞവ ആയിരുന്നു. എന്നാല്‍, കൂട്ടിക്കലില്‍ ഉണ്ടായത് ശക്തമായ ഉരുള്‍പൊട്ടലാണ്.
വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി മീനച്ചിലാറ്റിലേക്കും മണിമലയാറ്റിലേക്കും വെള്ളം ഇരച്ചെത്തിയാണ് ജില്ലയില്‍ വെള്ളപ്പൊക്കമുണ്ടായത്. വെള്ളപ്പൊക്കത്തില്‍ വീടുകളില്‍ വെള്ളം കയറുകയും വാഹനങ്ങളും കോഴി ഫാമുകളും അടക്കമുള്ളവ ഒഴികിപ്പോവുകയും ചെയ്തു. ഇതിനകം നൂറോളം ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ തുറന്നിരിക്കുന്നത്. കൂട്ടിക്കല്‍ നഗരവും മുണ്ടക്കയം നഗരവും ഒറ്റപ്പെടുന്ന സാഹചര്യമാണ് ഉള്ളത്.
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ മഴക്കെടുത്തി തുടരുകയാണ്. കോട്ടയം ജില്ലയിലാണ് ഏറെ കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂഈരാറ്റുപേട്ട-പാല റോഡില്‍ വെള്ളം കയറിത്തുടങ്ങി. അരുവിത്തുറ പാലം മുങ്ങി. പനക്കപ്പാലത്ത് റോഡില്‍ വെള്ളം കയറി.
കോട്ടയം ജില്ലയിലെ മഴക്കെടുതിയില്‍ പെട്ടു പോയവരെ രക്ഷിക്കാന്‍ എയര്‍ ലിഫ്റ്റിങ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്. കുടുങ്ങിക്കിടക്കുന്നവരെ ടോറസില്‍ കൊണ്ടു വരാനുള്ള ശ്രമവും നടത്തുന്നുണ്ട്. ചില പ്രദേശത്ത് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തുണ്ട്. ഈരാറ്റുപേട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ തഹസില്‍ദാര്‍ ഒറ്റപ്പെട്ടു പോയി. ഇദ്ദേഹത്തെ രക്ഷിക്കാന്‍ പൊലീസും ഫയര്‍ ഫോഴ്സും അങ്ങോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.


