മൂവാറ്റുപുഴ: മുറിക്കല്ല് പാലത്തിന്റെയും ബൈപാസിന്റെയും സ്റ്റെബിലിറ്റി പരിശോധന ഉടന്‍ നടത്തുമെന്ന് ഉന്നതതല ഉദ്യോഗസ്ഥ സംഘം. വര്‍ഷങ്ങളായി നിര്‍മ്മാണം നിര്ത്തിയിട്ടിരിക്കുന്നതിനാലാണ് പാലത്തിന്റെ പരിശോധനകള്‍ വേണ്ടി വരിക. ഇത് അതിവേഗം പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥ സംഘം പറഞ്ഞു. കിഫ്ബി ജനറല്‍ മാനേജര്‍ പി. ഷൈലയുടെ നേതൃത്വത്തിലുള്ള 22 അംഗ ഉന്നത ഉദ്യോഗസ്ഥ സംഘമാണ് പരിശോധനകള്‍ നടത്തിയത്. പദ്ധതി സംബന്ധിച്ച് വിശദമായ അവലോകനവും ഡോ. മാത്യു കുഴല്നാടന് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്നു.
കൃഷി നിലങ്ങളില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനുള്ള മുന്‍ കരുതലും സാങ്കേതിക വിദ്യയും ഉപയോഗിക്കുമെന്ന് ഉദ്യോഗസ്ഥ സംഘം പറഞ്ഞു. പുതിയ സാങ്കേതിക വിദ്യയില്‍ നിര്‍മ്മാണം നടത്തുന്നതിന് ആവശ്യമെങ്കില്‍ ഡിപിആറില്‍ ഭേദഗതി വരുത്തുന്നത് സംമ്പന്ധിച്ച് തിരുവനന്തപുരത്ത് ചേരുന്ന ഉന്നതതല യോഗത്തില്‍ തീരുമാനിക്കും.
ഡോ. മാത്യു കുഴല്നാടന് എംഎല്‍എയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മാറ്റങ്ങളോടെ ആദ്യം മുതലേ പുനരാരംഭിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി, സ്ഥലം ഏറ്റെടുക്കല്‍ നടപടി ക്രമം തുടങ്ങിയതായും എംഎല്‍എ പറഞ്ഞു.
മാറാടി വില്ലേജിലെ 130 കവലയില്‍ തുടങ്ങി മുറിക്കല്‍ പാലത്തില്‍ അവസാനിക്കുന്ന 1.8 ഹെക്ടര്‍ സ്ഥലവും പാലത്തിന് മറുവശത്ത് വെള്ളൂര്‍ കുന്നം വില്ലേജില്‍ പെട്ടതുമായ മുഴുവന്‍ സ്ഥലത്തിന്റെയും സ്ഥല പരിശോധനകള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. അനുബന്ധ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണന്ന് ഡോ. മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു.
മുറിക്കല്‍ ബൈപാസിന്റെ നിര്‍മ്മാണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് വിദഗ്ദ സംഘം പ്രൊജക്ട് അവലോകനം ചെയ്യുന്നതിനും പരിശോധനകള്‍ക്കുമായി എത്തിയത്.
മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ സിനി ബിജു കൗണ്‍സിലര്‍മാരായ ജിനു മടേക്കല്‍, ബിന്ദു സുരേഷ്, ബിന്ദു ജയന്, ജോയ്സ് മേരി ആന്റണി എന്നിവരും പരിശോധന സംഘത്തോടൊപ്പം ഉണ്ടായിരുന്നു


