വൈറ്റില: തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ പൊന്നുരുന്നി, തൃക്കാക്കര മേഖലകളില്‍ പര്യടനം നടത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജെ. ജേക്കബ്. ചളിക്കവട്ടം, ചുങ്കം പ്രദേശങ്ങളിലെ പര്യടനം നടത്തിയ ശേഷം സെന്റ് പാട്രിക് ചര്‍ച്ചിലെ പുരോഹിതനില്‍ നിന്ന് ആശീര്‍വാദം വാങ്ങി. പൊന്നുരുന്നി വെസ്റ്റ് റെയില്‍ റോഡ്, എന്‍എച്ച്ജി ലെയ്ന്‍, ലാല്‍സലാം റോഡ് തുടങ്ങിയ ഭാഗങ്ങളില്‍ ഭവന സന്ദര്‍ശനം നടത്തി.
എന്‍എച്ച്ജി ലെയ്നില്‍ വീല്‍ചെയറില്‍ കഴിയുന്ന യുവാവിന് തുടര്‍ ചികിത്സ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും പ്രചാരണത്തിനിടയില്‍ ഡോ. ജെ. ജേക്കബ് നല്കി. പൊന്നുരുന്നിയിലെ ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയ സ്ഥാനാര്‍ഥിക്ക് മദര്‍ സൂപ്പിരീയര് സിസ്റ്റര്‍ കെപ്സി സി കെസി ആശംസകള്‍ നേര്‍ന്നു.

പ്രദേശത്തെ കുടിവെള്ള പ്രശ്നം ജനങ്ങള്‍ സ്ഥാനാര്‍ത്ഥിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പൊന്നുരുന്നി പ്രദേശക്കാര്‍ക്കായി ഒരു ഡിസ്പന്‍സറി, ലാല്‍ സലാം റോഡിലെ ഭാഗങ്ങളിലെ കുട്ടികള്‍ക്കായി അംഗീകൃതമായ ഒരു കളിക്കളം തുടങ്ങിയ ആവശ്യങ്ങളും ജനങ്ങള്‍ ഉന്നയിച്ചു.


