സി.പി.എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തൃശൂരിലും മെഗാതിരുവാതിര. തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച തിരുവാതിരക്കളിയില്‍ 80ലധികം പേര് പങ്കെടുത്തു. നൂറിലധികം പേരാണ് തിരുവാതിരക്കളി കാണാനായി എത്തിയത്.
ഈ മാസം 21, 22, 23 തിയ്യതികളിലാണ് സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനം. ഇന്നലെയാണ് സമ്മേളനത്തിനു മുന്നോടിയായി തിരുവാതിരക്കളി നടന്നത്.
തിരുവനന്തപുരത്തെ തിരുവാതിരക്കളിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെയാണ് സി.പി.എം തൃശൂരും മെഗാതിരുവാതിര സംഘടിപ്പിച്ചത്. കോവിഡ് വ്യാപനത്തിനിടെ ആളുകള്‍ കൂട്ടംകൂടരുതെന്നും പൊതുപരിപാടികള്‍ ഓണ്‍ലൈനാക്കണമെന്നുമെല്ലാം നിര്‍ദേശമുള്ളപ്പോഴാണ് സമൂഹ്യ അകലം പോലും പാലിക്കാതെ വീണ്ടും തിരുവാതിരക്കളി നടത്തിയത്.
തിരുവനന്തപുരത്തെ മെഗാതിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും പിന്നീട് പറയുകയുണ്ടായി. ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് ധീരജിന്റെ ചിത അണയും മുന്‍പ് തിരുവനന്തപുരത്ത് തിരുവാതിരക്കളി നടത്തി എന്നായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനം.
തിരുവനന്തപുരത്തെ തിരുവാതിരക്കളിയില്‍ സി.പി.എം സംസ്ഥാന നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. രക്തസാക്ഷിയെ അപമാനിക്കുന്ന തരത്തിലായിപ്പോയി തിരുവാതിരയെന്നും പാര്‍ട്ടി വികാരം മനസ്സിലാക്കി മാറ്റിവെയ്ക്കേണ്ടതായിരുന്നുവെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തി. ജില്ലാ നേതൃത്വവും വീഴ്ച സമ്മതിച്ചു.


