തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തില്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. 50ല്‍ കൂടുതല്‍ പേര് പങ്കെടുക്കുന്ന ഒരു ആഘോഷ പരിപാടിയും പാടില്ല. ജാഥകളും വാഹന റാലികളും പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളും ഒഴിവാക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കാണിച്ച ശ്രദ്ധയും ജാഗ്രതയും വോട്ടെണ്ണല്‍ ദിനത്തിലും തുടരണമെന്നു കളക്ടര്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളോട് അഭ്യര്‍ഥിച്ചു. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. സാമൂഹിക അകലം ഉറപ്പാക്കണം. വിജയികളായവരെ അനുമോദിക്കുമ്പോഴും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഹാരം, നോട്ടുമാല, ബൊക്കെ, ഷാള്‍ എന്നിവ നല്‍കിയുള്ള സ്വീകരണ പരിപാടികള്‍ ഒഴിവാക്കണം. പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുംവിധം വാദ്യോപകരണങ്ങള്‍, ഉച്ചഭാഷണി തുടങ്ങിയവ ഉപയോഗിച്ചുള്ള ആഹ്ലാദ പ്രകടനം നടത്തരുതെന്നും കളക്ടര്‍ പറഞ്ഞു.
വോട്ടെണ്ണലിനെത്തുന്ന സ്ഥാനാര്‍ഥികളും കൗണ്ടിങ് ഏജന്റുമാരും കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. സ്ഥാനാര്‍ഥിക്കും തെരഞ്ഞെടുപ്പ് ഏജന്റിനും പുറമേ ഒരു കൗണ്ടിങ് ഏജന്റിനെ മാത്രമേ വോട്ടെണ്ണലിന് ചുമതലപ്പെടുത്താനാവൂ. ഇവര്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കൈയുറ, മാസ്ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്. കൗണ്ടിങ് ഓഫിസര്‍മാരും കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നു കളക്ടര്‍ പറഞ്ഞു.
വോട്ടെണ്ണല്‍ നടക്കുന്ന ജില്ലയിലെ 16 കേന്ദ്രങ്ങളും അണുവിമുക്തമാക്കി. സാമൂഹിക അകലം പാലിക്കത്തക്ക വിധമാണ് എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കൗണ്ടിങ് ടേബിളുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ അടക്കമുള്ള ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ പരിശോധിച്ച് ഇതിനോടകം വിലയിരുത്തിയിട്ടുണ്ട്.
വോട്ടെണ്ണലിനു കര്‍ശന സുരക്ഷ, പ്രത്യേക നിരീക്ഷണം: ജില്ലയിലെ 16 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയതായി കളക്ടര്‍ അറിയിച്ചു. ജില്ലയിലെമ്പാടും പൊലീസിന്റെ പ്രത്യേക പട്രോളിങ് നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം നഗര പരിധിയില്‍ രണ്ടു വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. കോര്‍പ്പറേഷന്റെ വോട്ടെണ്ണല്‍ നാലാഞ്ചിറ മാര്‍ ഇവാനിയോസ് വിദ്യാനഗറിലെ സര്‍വോദയ വിദ്യാലയ ഐ.സി.എസ്.ഇ. സ്കൂളിലും പോത്തന്‍കോട് ബ്ലോക്കിന്റെ വോട്ടെണ്ണുന്ന കഴക്കൂട്ടം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളുമാണ് നഗര പരിധിയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. ഇവിടങ്ങളിലേക്ക് 700 പൊലീസ് ഉദ്യോഗസ്ഥരെയാണു ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്നത്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമുകളായാണു സുരക്ഷാ വിന്യാസം നടത്തിയിട്ടുള്ളത്. ഇതിനു പുറമേ പ്രശ്ന സാധ്യതാ മേഖലകളില്‍ പ്രത്യേക സ്ട്രൈക്കിങ് ഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ട്.
നഗര പരിധിക്കു പുറത്തുള്ള 14 കൗണ്ടിങ് കേന്ദ്രങ്ങളും പൊലീസിന്റെ കര്‍ശന സുരക്ഷയിലായിരിക്കും. ഓരോ കേന്ദ്രത്തിലും ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കു പ്രത്യേക ചുമതല നല്‍കിയാണു സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിജയാഹ്ലാദ പ്രകടനങ്ങളില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് ഓരോ പാര്‍ട്ടികള്‍ക്കും പ്രത്യേക സമയം നല്‍കും. മദ്യപിച്ചു വാഹനമോടിക്കുന്നതടക്കമുള്ള സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പാസ് നിര്‍ബന്ധം: വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിട്ടുള്ള പാസ് നിര്‍ബന്ധമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ വ്യക്തമാക്കി.
വോട്ടെണ്ണല്‍ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിട്ടുള്ള പാസ് മുഖേന മാത്രമാകും കൗണ്ടിങ് കേന്ദ്രങ്ങളിലേക്കു പ്രവേശനം. എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടേയും പ്രധാന കവാടത്തില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ പാസുകള്‍ കര്‍ശനമായി പരിശോധിച്ച ശേഷമാകും വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് ആളുകളെ കടത്തിവിടുക. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളോട് മാധ്യമപ്രവര്ത്തകരടക്കമുളള എല്ലാവരും സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.