ആലപ്പുഴ കാപികോ റിസോര്‍ടില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം. റിസോര്‍ട്ടിലെ ജീവനക്കാരാണ് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത്. ഉപകരണങ്ങള്‍ വലിച്ചെറിഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ റിസോര്‍ട്ടും ഭൂമിയും ഏറ്റെടുത്തിരുന്നു. ഇന്ന് മുതല്‍ പൊളിക്കല്‍ തുടങ്ങുകയാണ്.
ഇതിന് മുന്നോടിയായി റിസോര്‍ട്ട് കയ്യേറിയ 2.9 ഹെക്ടര്‍ ഭൂമി ജില്ലഭരണകൂടം തിരിച്ച് പിടിച്ചിരുന്നു. പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനകം നീക്കം ചെയ്യാനാണ് ജില്ലാ ഭരണകൂടം പദ്ധതിയിടുന്നത്. ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണതേജയാവും പൊളിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുക.
ആലപ്പുഴ നെടിയംത്തുരുത്തില്‍ വേമ്പനാട്ടുകായലിന്റെ തീരത്തായിട്ടാണ് കാപ്പിക്കോ റിസോര്‍ട്ട് കെട്ടിപ്പൊക്കിയത്. എന്നാല്‍ പിന്നീട് തീരദേശ പരിപാല ചട്ടലംഘനം ചൂണ്ടിക്കാട്ടി പാണാവള്ളിയിലെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ കെട്ടിടം പൊളിച്ചു കളയണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും സുപ്രീംകോടതി ഈ വിധി ശരിവയ്ക്കുകയും ചെയ്തു.