മുവാറ്റുപുഴ: മൂവാറ്റുപുഴ ടൗണ്‍ വികസനത്തിന് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായതായി മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു. മുന്‍പ് തയ്യാറാക്കിയതില്‍ നിന്നും കാതലായ മാറ്റങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള നാലുവരി പാതകളും മീഡിയനുകളുമടക്കം പുതുക്കിയ ടൗണ്‍ വികസന രൂപരേഖയുടെ അടിസ്ഥാനത്തിലാക്കിയാണ് ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. 20.46 കോടി രൂപയുടെ ടെന്‍ഡറാണ് നിലവില്‍ തയ്യാറാക്കിയിരിക്കുന്നത്. സ്ഥലം ഏറ്റെടുപ്പ് ഉള്‍പടെ 32.14 കോടിയാണ് പ്രൊജക്റ്റിന് ചില വ് കണക്കാക്കിയിരിക്കുന്നത്.
വഴി മുടങ്ങിയ നഗര വികസനം അതിവേഗം പൂര്‍ത്തിയാക്കുക എന്നതിനായിരുന്നു തന്റെ പ്രഥമ പരിഗണന എന്ന് എംഎല്‍എ പറഞ്ഞു. പൊതുമരാമത് റവന്യൂ വകുപ്പ് മന്ത്രിമാരുമായി നടത്തിയ നിരന്തര ഇടപെലാണ് ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കിയത്. പൊതു മരാമത്ത് – കിഫ്ബി ഉദ്യോഗസ്ഥരും നഗര വികസന സ്വപ്നങ്ങളിലേക്ക് ഉള്ള യാത്രയില്‍ ഒപ്പം നിന്നുവെന്നും എംഎല്‍എ പറഞ്ഞു.
സ്ഥലം ഏറ്റെടുക്കല്‍ നടപടി വൈകിയതാണ് പദ്ധതിക്ക് പ്രധാന തടസമായത്. നിരന്തര ഇടപടെലില്‍ അത് നീക്കാന്‍ കഴിഞ്ഞുവെന്നും എംഎല്‍എ പറഞ്ഞു.
നഗരത്തിലെ വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാനായി മാത്രം 3.17 കോടി രൂപ വൈദ്യുതി ബോര്‍ഡിന് മാത്രം കിഫ്ബി അനുവദിച്ചു. മുന്‍പ് 35 ലക്ഷം രൂപയായിരുന്നു അനുവദിച്ചിരുന്നത്.
വെള്ളൂര്‍കുന്നം മുതല്‍ പി ഒ ജംഗ്ഷന് വരെയുള്ള 1.85 കിലോമീറ്റര്‍ ദൂരത്തിലാണ് നാലുവരിപ്പാതയടക്കം നഗര വികസനം ഒരുങ്ങുന്നത്. നഗര പ്രദേശത്ത് 7.8 മീറ്ററുകള്‍ ഉള്ള രണ്ട് റോഡുകളാണ് വരിക. ഇതിന് ഇരുഭാഗത്തും 2.2 – 1.8 മീറ്ററുകളിലായി ഫുട്പാത്തുകള്‍ നിര്‍മ്മിക്കും. പാര്‍ക്കിംഗ് ഏരിയകളും മറ്റ് യൂറ്റിലിറ്റി പോയിന്റുകളും ഇവിടെ സ്ഥാപിക്കും.
വിവിധ സേവനദാതാക്കള്‍ക്കുള്ള യൂട്ടിലിറ്റി കോറിഡോറുകള്അടയാളപ്പെടുത്തുന്ന വിശദമായ ക്രോസ്സെക്ഷന്‍ PED മൊഡ്യൂളില്സമര്പ്പിക്കും സെന്‍ട്രല്‍ മീഡിയനുകളില്‍ നഗര ഭംഗി കൂട്ടാന്‍ പൂന്തോട്ടവും സ്ഥാപിക്കും. നഗരത്തിലെ മുഴുവന്‍ വെദ്യുതി – ടെലിഫോണ്‍ പോസ്റ്റുകളും, വാട്ടര്‍ അതോറിറ്റി സ്ഥാപിച്ചിരിക്കുന്ന പൈപ്പുകളും മാറ്റി നഗരത്തെ സുന്ദരമാക്കി മാറ്റുമെന്ന് എംഎല്‍എ പറഞ്ഞു.
പതിവായ വൈദ്യുതി മുടക്കവും പൊട്ടി ഒലിക്കുന്ന കുടിവെള്ള പൈപ്പുകളും ഇനി പഴം കഥയാവും ഇതിനായി ഭൂമിക്കടിയിലൂടെ ഡക്ട് നിര്‍മ്മിച്ച് വൈദ്യുതി ലൈനുകളും കുടിവെള്ള പൈപ്പുകളും ടെലിഫോണ്‍ ലൈനുകളും അതിലൂടെയാക്കുന്നതാണ് പുതിയ പ്ലാന്‍ എന്നും എംഎല്‍എ പറഞ്ഞു.


