മുവാറ്റുപുഴ: നഗരസഭാ പരിധിയിൽ ഇറച്ചികടകളിലും ചിലചായക്കടകളിലും അമിത വില ഈടാക്കി വന്ന സ്ഥാപനങ്ങൾക്കെതിരെ നഗരസഭയുടെ കത്രിക പൂട്ട്. 10 രൂപയ്ക്ക് വിറ്റു വന്ന ചായക്ക് 15 ഉം18 ഉം ആക്കിയതോടെ പരാതി ഉയർന്ന തോടെയാണ് നഗരസഭയുടെ അടിയന്തര ഇടപെടൽ. വ്യത്യസ്ത സ്ഥലങ്ങളിൽ ഹോട്ടലുകളിൽ വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നത് തുടർന്നതോടെയാണ് പൊതുജനം പരാതിയുമായി രംഗത്തുവന്നത്.
ഇറച്ചിക്കടകളിലും ജില്ലയിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ വിലയിടാക്കിയിരുന്നതും മൂവാറ്റുപുഴയിലാണ്.
പരാതികളുടെ അടിസ്ഥാനത്തിൽ നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണിയുടെ നേതൃത്വത്തിൽ ഹോട്ടൽ ഉടമകളും ഇറച്ചിക്കട ഉടമകളും പങ്കെടുപ്പിച്ചു കൊണ്ട് യോഗം നടത്തി.
യുദ്ധാനന്തര സാഹചര്യങ്ങളും ഗ്യാസിന്റെ ദൗർലഭ്യവും ചൂണ്ടിക്കാട്ടി വില വർധിപ്പിച്ചിരുന്ന സാഹചര്യത്തിൽ, പൊതുജനങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് യോഗം ചേർന്നത്
യോഗത്തിൽ തീരുമാനിച്ചതനുസരിച്ച്, യുദ്ധത്തിന് മുൻപ് ഉണ്ടായിരുന്ന വിലയെക്കാൾ 2 രൂപയിൽ കൂടുതൽ വർധിപ്പിക്കാൻ പാടില്ല. ബീഫ് കിലോയ്ക്ക് 550 രൂപ വരെയാണ് മൂവാറ്റുപുഴയിലെ വിവിധ കടകളിൽ വിറ്റു പോന്നിരുന്നത്. വില 480ൽ കൂടുതൽ ഈടാക്കരുതെന്നും ബീഫ് എന്ന പേരിൽ എരുമ ഇറച്ചി വിൽക്കുന്നത് നിരോധിച്ചതായും അധികൃതർ പറഞ്ഞു. എരുമ, കാള ഇറച്ചികൾക്ക് കിലോയ്ക്ക് 440ൽ കൂടുതൽ വില ഈടാക്കാൻ പാടില്ല. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ മുന്നറിയിപ്പ് നൽകി. വില നിയന്ത്രണം ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്നും ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി അറിയിച്ചു
ഇതോടൊപ്പം, ഹോട്ടലുകളിലും ഇറച്ചിക്കടകളിലും വിലവിവര പട്ടിക നിർബന്ധമായും പ്രദർശിപ്പിക്കണമെന്നും യോഗം നിർദേശിച്ചു.യോഗത്തിൽ വൈസ് ചെയർപേഴ്സൺ പി എം അബ്ദുൽ സലാം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ രജിത പി, സി എം ഷുക്കൂർ, ഷഹന മാഹിൻ, ആരോഗ്യവിഭാഗം ജീവനക്കാർ, പൊതുവിതരണവിഭാഗം ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


