ഇടുക്കി ഡാം ഇന്ന് തുറക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ട് പോകാന്‍ തമിഴ്നാടിനോട് ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. സാഹചര്യം നിരീക്ഷിച്ച ശേഷം തുടര്‍ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി .
ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ ഇപ്പോള്‍ മഴ പെയ്യുന്നില്ല. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.46 അടിയാണ്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139.40 അടിയുമാണ്. ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന് 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്നാണ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നത്.
ഇനി മഴ പെയ്താല്‍ മാത്രമേ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരൂ എന്ന് കെഎസ്ഇബി വ്യക്തമാക്കിയിരുന്നു. മഴ കുറഞ്ഞതിനാല്‍ നാല് മണിക്കൂറിനു ശേഷം ജലനിരപ്പ് കുറഞ്ഞു തുടങ്ങുമെന്നും കെഎസ്ഇബി അറിയിച്ചു.
റൂള്‍ കര്‍വ് പ്രകാരം ഇടുക്കി ഡാമിലെ ബ്ലൂ അലര്‍ട്ട് ലെവല്‍ 2392.03 അടിയാണ്. ഓറഞ്ച് അലര്‍ട്ട് 2398.03 അടിയും റെഡ് അലര്‍ട്ട് 2399.03 അടിയുമാണ്. മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു. സെക്കന്റില്‍ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് അണക്കെട്ടില്‍ 141 അടി വെള്ളം സംഭരിക്കാം.


